യുഎഇയിൽ ഭയന്ന് വിറച്ച് മലയാളി യുവതി, ഉറങ്ങുമ്പോൾ കാൽ എലി കരണ്ടു; ദുബായിലെ ബ്ലേഡ് മാഫിയയുടെ ചതി…

Lonely sad woman cry and hug her knees sitting in the dark corner ,Sad woman Unhappy and stressed student on the campus ,Family problems and education concept

മെച്ചപ്പെട്ടൊരു ജീവിതം സ്വപ്നം കണ്ട് യുഎഇയിലെത്തിയ പാലക്കാട് സ്വദേശിനിയായ മലയാളി യുവതിക്ക് പ്രവാസജീവിതം ദുരിതക്കയമായി. തൊഴിൽവീസ വാഗ്ദാനം ചെയ്ത് പരിചയക്കാരൻ നടത്തിയ വഞ്ചനയും പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധികളും യുവതിയെ ദുബായിലെ അനധികൃത പണമിടപാട് സംഘത്തിന്റെ കെണിയിലെത്തിച്ചു. ഉയർന്ന പലിശയും നിരന്തര ഭീഷണികളും കാരണം ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് യുവതിയിപ്പോൾ.

സ്കൂളിൽ ഒരുമിച്ച് പഠിച്ച സഹപാഠിയെ വർഷങ്ങൾക്കുശേഷം ദുബായിൽ കണ്ടുമുട്ടിയതാണ് യുവതിയുടെ ദുരിതങ്ങൾക്ക് തുടക്കമായത്. പരിചയമുള്ള കമ്പനിയിൽ തൊഴിൽവീസ ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് 9,000 ദിർഹമാണ് ഇയാൾ ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തിൽ ഒന്നര ലക്ഷം രൂപ നൽകിയാൽ മതിയെന്നും ബാക്കി തുക പിന്നീട് ജോലിചെയ്ത് തിരിച്ചടച്ചാൽ മതിയെന്നും ഉറപ്പുനൽകി. വിശ്വസിച്ച് നാട്ടിൽ പലരിൽനിന്നും കടം വാങ്ങിയും സ്വർണം പണയംവച്ചുമാണ് യുവതി പണം കൈമാറിയത്. എന്നാൽ വാഗ്ദാനം ചെയ്ത സമയത്ത് വീസ ലഭിച്ചില്ല. പണം കൈമാറിയ വ്യക്തി ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറിയതോടെ വീണ്ടും പണം കണ്ടെത്തേണ്ടിവന്നു. ഒടുവിൽ കൂടുതൽ തുക നൽകിയ ശേഷമാണ് വീസ ലഭിച്ചത്. എന്നാൽ വിമാനത്താവളത്തിലെ എമിഗ്രേഷൻ നടപടികളിലെ പ്രശ്നങ്ങൾ കാരണം യാത്രയും തടസ്സപ്പെട്ടു. പിന്നീട് തടസ്സങ്ങൾ പരിഹരിച്ച് യുഎഇയിലെത്തിയെങ്കിലും വീസയുമായി ബന്ധപ്പെട്ട കൂടുതൽ സാമ്പത്തിക ബാധ്യതകൾ യുവതിയെ കാത്തിരുന്നു.

എമിറേറ്റ്സ് ഐഡിയും താമസരേഖകളും ലഭിക്കുന്നതിനുള്ള നടപടികൾക്കായി വീണ്ടും പണം കണ്ടെത്തേണ്ടിവന്നു. ഇതോടെ പലിശയ്ക്ക് പണം വാങ്ങേണ്ട സാഹചര്യമുണ്ടായി. 2,000 ദിർഹം കടമെടുത്തപ്പോൾ പ്രതിമാസം 200 ദിർഹമായിരുന്നു പലിശ. വീട്ടുജോലികൾ ചെയ്ത് ലഭിച്ചിരുന്ന ചെറിയ വരുമാനത്തിൽനിന്ന് ഈ തുക അടച്ചാണ് മുന്നോട്ടുപോയിരുന്നത്.

എന്നാൽ ഈ വർഷം ഫെബ്രുവരിയിൽ ജോലി നഷ്ടമായതോടെ സാമ്പത്തിക സ്ഥിതി കൂടുതൽ മോശമായി. പഴയ കടത്തിന്റെ പലിശ നൽകാൻ കഴിയാതെ വന്നപ്പോൾ മറ്റൊരു സംഘത്തിൽനിന്ന് ഉയർന്ന പലിശയ്ക്ക് പണം വാങ്ങി കടം വീട്ടേണ്ടിവന്നു. 5,000 ദിർഹം വാങ്ങിയതിന് പ്രതിദിനം 50 ദിർഹം പലിശ നൽകണമെന്നായിരുന്നു വ്യവസ്ഥ. ഇതോടെ കടബാധ്യതയ്ക്കൊപ്പം ഭീഷണികളും വർധിച്ചു. നിരന്തര സമ്മർദത്തെ തുടർന്ന് കരാമയിലെ ജോലി ഉപേക്ഷിക്കേണ്ടിവന്ന യുവതി ഇപ്പോൾ ഷാർജയിൽ സുഹൃത്തിനൊപ്പമാണ് കഴിയുന്നത്.

പാലക്കാട്ടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ മൂത്ത മകളായ യുവതി ഏറെ കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്. തയ്യൽപ്പണിയും മറ്റു ജോലികളും ചെയ്തിരുന്ന അവർ 2020ലാണ് ആദ്യമായി യുഎഇയിലെത്തിയത്. നാട്ടിലെ മാതാവിനെയും സഹോദരങ്ങളെയും സഹായിക്കാനായി കുറഞ്ഞ ശമ്പളത്തിൽ വർഷങ്ങളോളം ജോലി ചെയ്തു. എന്നാൽ വീസ തട്ടിപ്പും കടബാധ്യതകളും ജീവിതം വീണ്ടും പ്രതിസന്ധിയിലാക്കി. കടം വാങ്ങിയ തുക തിരിച്ചടയ്ക്കാൻ തയ്യാറാണെന്നും എന്നാൽ അമിതമായ പലിശയും ഭീഷണികളും ഒഴിവാക്കാൻ സഹായിക്കണമെന്നുമാണ് യുവതിയുടെ അഭ്യർഥന. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും ഇടപെടലാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *