
യുഎഇ ദേശീയ പതാക ദിനം ആഘോഷമാക്കാൻ ദുബായ് ഗ്ലോബൽ വില്ലേജിൽ വമ്പൻ ഡ്രോൺ ഷോ ഒരുങ്ങുന്നു. രാജ്യത്തിന്റെ ഐക്യവും അഭിമാനവും പാരമ്പര്യവും ആകാശത്ത് ദൃശ്യവിരുന്നായി അവതരിപ്പിക്കുന്ന പരിപാടി നവംബർ 3 ചൊവ്വാഴ്ചയാണ് നടക്കുക.
രാത്രി 8 മണിക്ക് ആരംഭിക്കുന്ന ഡ്രോൺ ഷോയിൽ 700 എൽഇഡി ഡ്രോണുകൾ അണിനിരക്കും. യുഎഇ ദേശീയ പതാകയിലെ ചുവപ്പ്, പച്ച, വെള്ള, കറുപ്പ് നിറങ്ങൾ ആകാശത്ത് വിരിയിക്കുന്ന കാഴ്ചയായിരിക്കും പരിപാടിയുടെ പ്രധാന ആകർഷണം.
ആഘോഷങ്ങളുടെ ഭാഗമായി ഗ്ലോബൽ വില്ലേജിലെത്തുന്ന സന്ദർശകർക്ക് പ്രവേശന കവാടത്തിൽ വെച്ച് യുഎഇ ദേശീയ പതാകകൾ സൗജന്യമായി വിതരണം ചെയ്യും. കൂടാതെ, വില്ലേജിലെ പ്രധാന കേന്ദ്രങ്ങളിലും ലാൻഡ്മാർക്കുകളിലും ദേശീയ പതാകകൾ ഉയർത്തും. പതാകയുടെ നിറങ്ങളിലുള്ള പ്രത്യേക ലൈറ്റുകൾ ഉപയോഗിച്ച് പരിസരവും അലങ്കരിക്കും.
എമിറാത്തി സംസ്കാരവും പൈതൃകവും പരിചയപ്പെടുത്തുന്നതിനായി യുഎഇ പവലിയനിലും പ്രത്യേക ക്രമീകരണങ്ങളുണ്ട്. പരമ്പരാഗത കരകൗശല വസ്തുക്കൾ, പ്രാദേശിക ഉൽപ്പന്നങ്ങൾ, തനത് വിഭവങ്ങൾ എന്നിവയിലൂടെ രാജ്യത്തിന്റെ പാരമ്പര്യം അടുത്തറിയാൻ സന്ദർശകർക്ക് അവസരമൊരുങ്ങും.
ദേശീയ പതാക ദിനത്തിന്റെ ആവേശം കുടുംബങ്ങൾക്കും സന്ദർശകർക്കും ഒരുമിച്ച് ആസ്വദിക്കാനുള്ള അവസരമായിരിക്കും ഗ്ലോബൽ വില്ലേജിലെ ഇത്തവണത്തെ ആഘോഷങ്ങൾ.