ദുബായിൽ അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ കർശന മുന്നറിയിപ്പുമായി പോലീസ്

Dubai Traffic Violations; റോഡുകളിൽ പെട്ടെന്നുള്ള ലെയ്ൻ മാറ്റം അപകടകരമാണെന്നും ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് 1,000 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്നും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. അശ്രദ്ധമായി ലെയ്ൻ മാറുന്നതും വാഹനങ്ങൾ വെട്ടിക്കുന്നതും ഗുരുതരമായ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് പോലീസ് വ്യക്തമാക്കി.തിരക്കേറിയ റോഡിൽ വെളുത്ത കാറും ടൊയോട്ട വാനും തമ്മിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്. റോഡ് രണ്ടായി പിരിയുന്ന ഭാഗത്ത് വെച്ച്, കൃത്യമായ ലെയ്നിൽ നേരത്തെ മാറുന്നതിന് പകരം അവസാന നിമിഷം പെട്ടെന്ന് വെട്ടിച്ച് മാറാൻ ശ്രമിച്ച കാർ വാനിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാൻ റോഡിൽ നിന്ന് തെന്നിമാറി സമീപത്തെ പുൽത്തകിടിയിലേക്ക് മറിഞ്ഞു. മറ്റ് വാഹനയാത്രക്കാർക്ക് പ്രതികരിക്കാൻ സമയം പോലും നൽകാതെയാണ് ഇത്തരം അശ്രദ്ധമായ ഡ്രൈവിംഗ് അപകടങ്ങൾ സൃഷ്ടിക്കുന്നത്. ലെയ്ൻ മാറുന്നതിന് മുൻപ് ചുറ്റുമുള്ള ട്രാഫിക് പരിശോധിക്കണമെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും പോലീസ് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു. ഒക്ടോബർ 29-ന് എമിറേറ്റ്സ് റോഡിൽ (E611) ട്രക്ക് സുരക്ഷാ വേലിയിൽ ഇടിച്ച് അപകടമുണ്ടായ സംഭവവും പോലീസ് ഓർമ്മിപ്പിച്ചു. ഉറക്കത്തിലേക്ക് വഴുതിവീണതാണ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായത്. ഈ അപകടത്തിൽ ഡ്രൈവർക്ക് ചെറിയ പരിക്കുകൾ പറ്റി. ക്ഷീണിതരായി വാഹനമോടിക്കുന്നത് ശ്രദ്ധയും പ്രതികരണ ശേഷിയും കുറയ്ക്കുമെന്നും വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും ദുബായ് പോലീസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമ സലിം ബിൻ സുവൈദാൻ പറഞ്ഞു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *