യുഎഇ എണ്ണ ചോർച്ച: തീരപ്രദേശങ്ങളിൽ നിരീക്ഷണം ശക്തം; ആശങ്ക വേണ്ടെന്ന് അധികൃതർ

UAE oil spill; യുഎഇ തീരത്ത് അപകടത്തിൽപ്പെട്ട ‘ജിഇഎം എൻഒ.2’ എന്ന എണ്ണക്കപ്പലിൽ നിന്ന് പുതിയ ചോർച്ചയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഊർജ്ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം അറിയിച്ചു. കപ്പലിന്റെ അറ്റകുറ്റപ്പണികൾ തുടരുകയാണെന്നും സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും അധികൃതർ വ്യക്തമാക്കി. കപ്പലിലെ തകരാറുകൾ പരിഹരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള സാങ്കേതിക പ്രവർത്തനങ്ങൾ വിദഗ്ധ സംഘങ്ങൾ നടത്തിവരികയാണ്. കടലിലും ആകാശത്തും നിരീക്ഷണം തുടരുന്നുണ്ട്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ചോർച്ചയുടെ വ്യാപ്തിയും പുരോഗതിയും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഒക്ടോബർ 30 വെള്ളിയാഴ്ച ലഭ്യമായ ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം, ഉമ്മുൽ ഖുവൈൻ തീരത്തിന് സമീപമാണ് എണ്ണപ്പാളികൾ കേന്ദ്രീകരിച്ചിരിക്കുന്നത്. റാസൽഖൈമ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലേക്കും ഇവയുടെ സാന്നിധ്യം വ്യാപിച്ചിട്ടുണ്ട്. എങ്കിലും, മലിനീകരണത്തിന്റെ തീവ്രതയിൽ പ്രകടമായ കുറവ് അനുഭവപ്പെടുന്നതായി അധികൃതർ അറിയിച്ചു. കടൽത്തീരങ്ങളിലെയും ബീച്ചുകളിലെയും മലിനീകരണം നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ഊർജ്ജിതമാണ്. മുൻകരുതൽ എന്ന നിലയിലാണ് ചില ബീച്ചുകൾ അടച്ചിട്ടിരിക്കുന്നത്. ഇത് എല്ലാ ഭാഗത്തും മലിനീകരണം ഉള്ളതുകൊണ്ടല്ല, മറിച്ച് പരിശോധനയും ശുചീകരണവും സുഗമമാക്കുന്നതിനാണ്. മാർക്കറ്റുകളിൽ ലഭ്യമായ മീനുകളും മറ്റ് ഭക്ഷ്യവസ്തുക്കളും സുരക്ഷിതമാണെന്ന് അധികൃതർ ഉറപ്പുനൽകി. കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും, കുടിവെള്ള വിതരണത്തെ ഈ സംഭവം ബാധിക്കില്ലെന്നും ‘ഇത്തിഹാദ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി’ വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള അഭ്യൂഹങ്ങൾ വിശ്വസിക്കാതെ, ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രം പിന്തുടരണമെന്നും തീരപ്രദേശങ്ങളിലെ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *