അടിച്ചുപൊളിക്കാം; യുഎഇയിലെ ഇന്ത്യൻ സ്‌കൂളുകൾക്ക് ദീപാവലി അവധി; വിദ്യാർത്ഥികൾക്ക് 5 ദിവസം വരെ നീളുന്ന ആഘോഷവേള!

ദീപാവലി ആഘോഷിക്കാൻ ഒരുങ്ങുന്ന യുഎഇയിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത. തിരഞ്ഞെടുത്ത ഇന്ത്യൻ സിലബസ് സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇത്തവണ വാരാന്ത്യ അവധിയോട് ചേർത്ത് 4 മുതൽ 5 ദിവസം വരെ നീളുന്ന അവധിയാണ് ലഭിക്കുക. കുടുംബത്തോടൊപ്പം ആഘോഷിക്കാനും യാത്രകൾ ആസൂത്രണം ചെയ്യാനും വിദ്യാർത്ഥികൾക്ക് ഇതിലൂടെ അവസരമൊരുങ്ങും. പല സ്‌കൂളുകളും അക്കാദമിക് കലണ്ടറിൽ രണ്ട് ദിവസത്തെ ദീപാവലി അവധി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ വാരാന്ത്യ അവധി കൂടി ചേരുമ്പോൾ തുടർച്ചയായി നാല് ദിവസം വരെ അവധി ലഭിക്കും. ചില സ്‌കൂളുകൾ കുടുംബങ്ങളുടെ യാത്രാ സൗകര്യം പരിഗണിച്ച് അധിക ദിവസങ്ങളും അനുവദിച്ചിട്ടുണ്ട്.

എന്നാൽ യുഎഇയിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളിലും ഒരേ രീതിയിലായിരിക്കില്ല അവധി. ചില സ്‌കൂളുകൾ പതിവ് അധ്യയനം തുടരുന്നതിനൊപ്പം ക്യാംപസുകളിൽ ദീപാവലി ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാത്ത രീതിയിലാണ് അവധി ക്രമീകരണങ്ങൾ. ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ചട്ടപ്രകാരം സ്വകാര്യ സ്‌കൂളുകളിൽ കുറഞ്ഞത് 182 അധ്യയന ദിനങ്ങൾ ഉണ്ടായിരിക്കണം. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം 185 അധ്യയന ദിനങ്ങൾ പൂർത്തിയാക്കുകയും വേണം.

സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകൾ പിന്തുടരുന്ന സ്‌കൂളുകൾക്ക് ദീപാവലിയോട് അനുബന്ധിച്ച് അവധി നൽകാൻ പ്രാദേശിക വിദ്യാഭ്യാസ അധികൃതർ അനുമതി നൽകിയിട്ടുണ്ട്. അതേസമയം, പാശ്ചാത്യ സിലബസുകൾ പിന്തുടരുന്ന രാജ്യാന്തര സ്‌കൂളുകളിൽ സാധാരണയായി പ്രത്യേക അവധി നൽകാറില്ല. പകരം ക്യാംപസുകളിൽ ദീപാവലി ആഘോഷങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും.

ഓരോ സ്‌കൂളിന്റെയും അക്കാദമിക് കലണ്ടർ അനുസരിച്ച് അവധി ദിവസങ്ങളിൽ വ്യത്യാസമുണ്ടാകാം. അതിനാൽ കൃത്യമായ അവധി തീയതികൾക്കായി രക്ഷിതാക്കൾ അതത് സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *