
UAE human smuggling; യുഎഇ അതിർത്തി വഴി ആളുകളെ അനധികൃതമായി കടത്താനുള്ള രണ്ട് വ്യത്യസ്ത ശ്രമങ്ങൾ സുരക്ഷാ വിഭാഗം വിജയകരമായി തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 18 പേരെ രാജ്യത്തേക്ക് അനധികൃതമായി കടത്താനുള്ള നീക്കവും, കേസുകളിൽ വാറന്റുള്ള വിദേശിയെ രാജ്യം കടത്താനുള്ള ശ്രമവുമാണ് അധികൃതർ പരാജയപ്പെടുത്തിയത്. 18 ഏഷ്യൻ വംശജരെ ഘട്ടങ്ങളായി യുഎഇയിലേക്ക് അനധികൃതമായി കടത്താനായിരുന്നു ആദ്യത്തെ സംഘത്തിന്റെ പദ്ധതി. ഒരു ഗൾഫ് പൗരന്റെ സഹായത്തോടെയാണ് ഇത് ആസൂത്രണം ചെയ്തത്. രഹസ്യ നിരീക്ഷണങ്ങൾക്കൊടുവിൽ, അതിർത്തി ചെക്ക്പോസ്റ്റ് വഴി രാജ്യത്തേക്ക് പ്രവേശിച്ച പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. മനുഷ്യക്കടത്ത് പിടിക്കപ്പെടാതിരിക്കാൻ കുടുംബസമേതമുള്ള വിനോദയാത്രയാണെന്ന് വരുത്തിത്തീർക്കാൻ ഇയാൾ സ്വന്തം കുടുംബത്തിലെ 5 പേരെയും ഒപ്പം കൂട്ടിയിരുന്നു. രണ്ട് നുഴഞ്ഞുകയറ്റക്കാരും ഇയാളോടൊപ്പം വാഹനത്തിലുണ്ടായിരുന്നു. വിവിധ കേസുകളിൽ യാത്രാവിലക്കും അറസ്റ്റ് വാറന്റുമുള്ള വിദേശ പൗരനെ അതിർത്തി കടത്തി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് രണ്ടാമത്തെ ഓപ്പറേഷനിലൂടെ തകർത്തത്. ഒരു ഗൾഫ് സ്വദേശിനിയായ സ്ത്രീയും മകളും ചേർന്നാണ് ഇതിന് ചുക്കാൻ പിടിച്ചത്. യാത്രകൾ സുഗമമാക്കാനും സംശയം ഒഴിവാക്കാനും ഇവരും സ്വന്തം കുടുംബാംഗങ്ങളെ ഒപ്പം കൂട്ടിയാണ് നീക്കം നടത്തിയത്.
ഇത്തരത്തിൽ ആളുകളെ അതിർത്തി കടത്തുന്നതിൽ ഈ സ്ത്രീ നേരത്തെയും പങ്കാളിയായിട്ടുണ്ടെന്നും ഇവരുടെ മരുമകൻ (മകളുടെ ഭർത്താവ്) മുൻപും സമാന കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. രണ്ട് ഓപ്പറേഷനുകളിലുമായി പിടിയിലായ മുഴുവൻ പ്രതികൾക്കെതിരെയും പബ്ലിക് പ്രോസിക്യൂഷൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിലെ മറ്റ് കണ്ണികളെ കണ്ടെത്താനും ഇവരുടെ പങ്കാളിത്തം വ്യക്തമാക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിലും രാജ്യത്തിന്റെ നിയമവാഴ്ച സംരക്ഷിക്കുന്നതിലും യുഎഇ സുരക്ഷാ സേന പുലർത്തുന്ന അതീവ ജാഗ്രതയും കാര്യക്ഷമതയുമാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നതെന്ന് അധികൃതർ അറിയിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t