വ്യാജ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യരുത്; യുഎഇയിൽ കർശന മുന്നറിയിപ്പുമായി അധികൃതർ

വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള സ്വകാര്യ ചാറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സ്ഥിരീകരിക്കാത്ത വിവരങ്ങളും വ്യാജ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ യുഎഇയിൽ കർശന മുന്നറിയിപ്പ്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നല്ല ഉദ്ദേശ്യത്തോടെ അയക്കുന്ന സന്ദേശങ്ങൾ പോലും തെറ്റായ വിവരങ്ങളുടെ വ്യാപനത്തിന് കാരണമാകുന്നതിനാൽ, ഫോർവേഡ് ചെയ്യുന്നതിന് മുമ്പ് ഉള്ളടക്കത്തിന്റെ വിശ്വാസ്യത ഉറപ്പാക്കണമെന്ന് ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) നിർദേശിച്ചു. സന്ദേശങ്ങളിലെ ലിങ്കുകൾ വിശ്വസനീയമാണോ, വെബ്‌സൈറ്റിന്റെ ഘടന അസാധാരണമാണോ, അക്ഷരത്തെറ്റുകളോ മറ്റ് സംശയകരമായ സൂചനകളോ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച ശേഷമേ വിവരങ്ങൾ മറ്റുള്ളവരിലേക്ക് കൈമാറാവൂ. ഔദ്യോഗിക സർക്കാർ സ്ഥാപനങ്ങളുടെയോ വിശ്വസനീയമായ വാർത്താ ഏജൻസികളുടെയോ ഉറവിടങ്ങളിൽ നിന്ന് സ്ഥിരീകരിച്ച വിവരങ്ങൾ മാത്രമേ പങ്കുവെക്കാവൂ എന്നും അധികൃതർ വ്യക്തമാക്കി.

ഒരു ഫോർവേഡും നിയമപ്രശ്നമാകാം

സ്വകാര്യ വാട്‌സ്ആപ്പ് ചാറ്റുകളും ഗ്രൂപ്പുകളും യുഎഇയിലെ സൈബർ കുറ്റകൃത്യ നിയമങ്ങളുടെ പരിധിയിൽ നിന്ന് ഒഴിവല്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മറ്റൊരാൾ തയ്യാറാക്കിയ വ്യാജ വാർത്തയോ അപകീർത്തികരമായ ഉള്ളടക്കമോ സ്വന്തം പേരിൽ സൃഷ്ടിച്ചതല്ലെങ്കിലും ഫോർവേഡ് ചെയ്യുന്നത് നിയമപരമായി പുതിയൊരു പ്രസിദ്ധീകരണമായി പരിഗണിക്കപ്പെടാൻ സാധ്യതയുണ്ട്.
സന്ദേശം പ്രചരിപ്പിക്കുമ്പോൾ ദുരുദ്ദേശ്യമില്ലായിരുന്നുവെന്ന വാദം മാത്രം നിയമനടപടികളിൽ നിന്ന് സംരക്ഷണം നൽകണമെന്നില്ല. പ്രചരിപ്പിച്ച ഉള്ളടക്കം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും നിയമലംഘനത്തിന്റെ സ്വഭാവവും അടിസ്ഥാനമാക്കി നടപടി നേരിടേണ്ടി വരാം.

ഫോർവേഡ് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കാം
-സന്ദേശത്തിന്റെ ഉറവിടം പരിശോധിക്കുക.
-ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് അവയുടെ ആധികാരികത ഉറപ്പാക്കുക.
-അക്ഷരത്തെറ്റുകളും അസാധാരണമായ വെബ്‌സൈറ്റ് വിലാസങ്ങളും ശ്രദ്ധിക്കുക.
-ഔദ്യോഗിക സർക്കാർ ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ സ്ഥിരീകരിക്കുക.
-സംശയമുള്ള സന്ദേശങ്ങൾ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യാതിരിക്കുക.
-ഗ്രൂപ്പിൽ തെറ്റായ വിവരം പങ്കുവെച്ചാൽ മാന്യമായി തിരുത്താൻ ശ്രമിക്കുക.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഒരു സന്ദേശം പങ്കുവെക്കുന്നത് ചെറിയ കാര്യമാണെന്ന് കരുതരുതെന്നും, ‘ഫോർവേഡ് ചെയ്യുന്നതിന് മുമ്പ് വസ്തുത പരിശോധിക്കുക’ എന്നതാണ് യുഎഇ അധികൃതരുടെ പ്രധാന നിർദേശം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version