
ദുബായിൽ വ്യാജ ബാങ്ക് ട്രാൻസ്ഫർ രേഖകൾ ഉപയോഗിച്ച് മലയാളികളുൾപ്പെടെയുള്ള കയറ്റുമതിക്കാരിൽ നിന്ന് ലക്ഷക്കണക്കിന് ദിർഹത്തിന്റെ ഉൽപ്പന്നങ്ങൾ തട്ടിയെടുത്തെന്ന പരാതിയുമായി പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ രംഗത്ത്. ദുബായ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ‘ഈസ്റ്റേൺ ഫാംസ് എൽഎൽസി’ എന്ന സ്ഥാപനത്തിനെതിരെയാണ് ഗുരുതര സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയർന്നിരിക്കുന്നത്.
കൊച്ചി സ്വദേശികളായ അബ്ദുൽ ഗഫൂർ, ഫാഹിം അൽ കാസിമി, ഡോ. ഹുസ്ന ഗഫൂർ, ഫാരിസ് അൽ കാസിമി എന്നിവർ നേതൃത്വം നൽകുന്ന ‘കെ എൻ ട്രേഡിങ്’ കമ്പനി ഏകദേശം ആറു ലക്ഷം ദിർഹം വിലമതിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ വിതരണം ചെയ്ത ശേഷമാണ് തട്ടിപ്പിനിരയായതെന്ന് ആരോപിച്ചു. 2021ൽ ആരംഭിച്ച വ്യാപാര കരാറിന്റെ അടിസ്ഥാനത്തിൽ യുഎഇയിലേക്ക് തേങ്ങ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ അയച്ചെങ്കിലും മാസങ്ങളോളം പണം നൽകാതെ കമ്പനി ഒഴിഞ്ഞുമാറുകയായിരുന്നുവെന്നാണ് പരാതി.
തുടർന്ന് പണം കൈമാറിയതായി തെളിയിക്കാൻ പ്രതികൾ വ്യാജ ബാങ്ക് ട്രാൻസ്ഫർ രേഖകൾ വാട്സാപ്പ്, ഇമെയിൽ വഴിയായി അയച്ചുവെന്നും, ബാങ്ക് പരിശോധനയിൽ ഇവ പൂർണമായും കൃത്രിമമായി തയ്യാറാക്കിയ രേഖകളാണെന്ന് വ്യക്തമായതായും കെ എൻ ട്രേഡിങ് അധികൃതർ പറഞ്ഞു. ബാങ്കിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണവും തട്ടിപ്പ് തെളിയിക്കുന്നതായിരുന്നുവെന്നും അവർ വ്യക്തമാക്കി.
സംഭവത്തിൽ ആദ്യം ദുബായ് ചേംബറിനെ സമീപിച്ചെങ്കിലും പ്രതികൾ ഹാജരാകാത്തതിനാൽ പിന്നീട് ദുബായ് സിവിൽ കോടതിയെ സമീപിക്കുകയായിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം കോടതി കെ എൻ ട്രേഡിങ്ങിന് അനുകൂലമായി വിധി പ്രസ്താവിക്കുകയും നഷ്ടപരിഹാരവും കോടതി ചെലവുകളും നൽകാൻ നിർദേശിക്കുകയും ചെയ്തതായി കമ്പനി അറിയിച്ചു.
എന്നാൽ കോടതി വിധിയിൽ നിന്ന് രക്ഷപ്പെടാൻ പ്രതികൾ ദുബായിലെ കമ്പനി അടച്ച് മറ്റൊരു എമിറേറ്റിൽ പുതിയ പേരിൽ സമാന ബിസിനസ് ആരംഭിച്ചുവെന്നാണ് ആരോപണം. ഇതിനെതിരെ ബർ ദുബായ് പൊലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. വ്യാജരേഖ നിർമാണം, സാമ്പത്തിക വഞ്ചന, കോടതി ഉത്തരവ് മറികടക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പരാതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതേ സംഘം ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും നിരവധി സ്ഥാപനങ്ങളെയും സമാന രീതിയിൽ വഞ്ചിച്ചിട്ടുണ്ടെന്ന് പരാതിക്കാർ ആരോപിക്കുന്നു. കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയാകാതിരിക്കാനാണ് വിഷയമുയർത്തുന്നതെന്നും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.