Explore More; പ്രവാസികൾക്ക് പറക്കാം കുറഞ്ഞ നിരക്കിൽ! യാത്രികർക്ക് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ‘ബിഗ് ഓഫർ’!

Explore More; വിദേശയാത്രകൾക്ക് തയ്യാറെടുക്കുന്ന പ്രവാസികൾക്ക് ആശ്വാസവാർത്തയുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. രാജ്യാന്തര യാത്രക്കാർക്കായി ‘Explore More’ എന്ന പേരിൽ പുതിയ നിരക്കിളവ് പ്രഖ്യാപിച്ചു. ഈ പുതിയ ഓഫറിലൂടെ രാജ്യാന്തര വിമാന ടിക്കറ്റുകൾക്ക് 15 ശതമാനം വരെ ഇളവ് ലഭിക്കുമെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ എന്നീ വിഭാഗങ്ങളിലെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ഈ പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്. പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ഈ ഓഫർ എയർ ഇന്ത്യ എക്സ്പ്രസ് വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് ഉൾപ്പെടെ എല്ലാ ബുക്കിംഗ് ചാനലുകളിലും ലഭ്യമാണ്. ഈ മാസം 9-നകം ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ പ്രയോജനപ്പെടുത്താൻ സാധിക്കുക. ഇപ്പോൾ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ ഉപയോഗിച്ച് 2027 മാർച്ച് 27 വരെയുള്ള ഏത് തീയതികളിലും യാത്ര ചെയ്യാവുന്നതാണ്. കമ്പനിയുടെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റ് എടുക്കുന്നവർക്ക് കൺവീനിയൻസ് ഫീ ഇനത്തിൽ വലിയ ലാഭം ലഭിക്കുന്നതിനൊപ്പം ഒരു തവണ യാത്രാ തീയതി സൗജന്യമായി മാറ്റാനുള്ള അവസരവും എയർലൈൻ നൽകുന്നുണ്ട്. കൂടാതെ ഓഫറുകൾ മുൻകൂട്ടി അറിയാനുള്ള ‘ഏർലി ആക്സസ്’ സൗകര്യവും ഇവർക്ക് ലഭിക്കും. എന്നാൽ, ഇത്രയധികം ഇളവുകൾ പ്രഖ്യാപിച്ചിട്ടും ടിക്കറ്റ് നിരക്ക് ഇപ്പോഴും സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്നാണ് പല യാത്രക്കാരും പരാതിപ്പെടുന്നത്. സ്കൂൾ അവധിക്കാലമായതിനാൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഗൾഫ് നാടുകളിൽ നിന്ന് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് ഭീമമായ തുകയാണ് ഈടാക്കുന്നത്. ഉദാഹരണത്തിന്, ഒരു നാലംഗ കുടുംബത്തിന് നാട്ടിൽ പോയി വരാൻ ലക്ഷക്കണക്കിന് രൂപയാണ് നിലവിൽ ചിലവാകുന്നത്. എന്നാൽ 15 ശതമാനം ഇളവ് എന്നത് എല്ലാ സർവീസുകളിലും എല്ലാ ദിവസങ്ങളിലും ലഭ്യമാകില്ലെന്നും, യാത്രാ തീയതി, വിമാന സർവീസ്, സീസൺ എന്നിവയെ ആശ്രയിച്ചിരിക്കുമെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy