വിദേശത്തു നിന്നെത്തിയ ‘അജ്ഞാതൻ’ വിമാനത്താവളത്തിലെ ടോയ്‌ലറ്റിൽ ഒളിപ്പിച്ചത് കോടികളുടെ സ്വർണം; രഹസ്യവിവരത്തിൽ കുടുങ്ങിയത് ‘ജീവനക്കാർ’!

Mangaluru airport gold seizure; മംഗളൂരു രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 3.77 കോടി രൂപ വിലമതിക്കുന്ന സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. വ്യത്യസ്തമായ രണ്ടു കേസുകളിലായി നാല് കാസർകോട് സ്വദേശികളെയും ഒരു മംഗളൂരു സ്വദേശിയെയും അധികൃതർ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ രണ്ടുപേർ വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരാണ്. ദുബായിൽ നിന്ന് കാസർകോട്ടേക്ക് സ്വർണം കടത്തുന്നതിന് സഹായം നൽകാനായി കാസർകോട്, മംഗളൂരു സ്വദേശികൾ വിമാനത്താവളത്തിൽ താൽക്കാലിക ജീവനക്കാരായി ജോലി ചെയ്യുന്നുണ്ടെന്ന് ഡിആർഐ മംഗളൂരു വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നടത്തിയ നീക്കത്തിലാണ് രണ്ടു കോടി രൂപ വിലവരുന്ന 1.65 കിലോഗ്രാം സ്വർണവുമായി മൂന്നുപേരെ പിടികൂടിയത്. വിദേശത്തുനിന്നെത്തിയ അജ്ഞാതനായ യാത്രക്കാരൻ ഇമിഗ്രേഷൻ കൗണ്ടറിന് സമീപമുള്ള ടോയ്‌ലറ്റിൽ ഒളിപ്പിച്ച സ്വർണം ശേഖരിക്കുന്നതിനിടെയാണ് താൽക്കാലിക ജീവനക്കാരനായ മംഗളൂരു സ്വദേശി വലയിലായത്. ഇയാളെ ചോദ്യം ചെയ്തതിലൂടെ, ഈ സ്വർണം കാസർകോട് സ്വദേശിയായ മറ്റൊരു ജീവനക്കാരന് കൈമാറാനും തുടർന്ന് വിമാനത്താവളത്തിന് രണ്ട് കിലോമീറ്റർ അകലെ കാത്തുനിൽക്കുന്ന മറ്റൊരാൾക്ക് എത്തിച്ചുനൽകാനുമായിരുന്നു പദ്ധതിയെന്ന് വ്യക്തമായി. ഇതോടെ മറ്റു രണ്ടുപേരെയും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു. വിമാനത്താവളത്തിന് പുറത്തുനിന്ന് പിടിയിലായ കാസർകോട് സ്വദേശിയുടെ കൈവശമുണ്ടായിരുന്ന 73 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഈ മാസം 14-ന് നടന്ന മറ്റൊരു പരിശോധനയിൽ, ദുബായിൽ നിന്നെത്തിയ രണ്ട് കാസർകോട് സ്വദേശികളിൽ നിന്ന് 1.77 കോടി രൂപ വിലമതിക്കുന്ന 1,306 ഗ്രാം സ്വർണവും പിടികൂടിയിരുന്നു. കാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. പ്രതികളുടെ പേരുവിവരങ്ങൾ അന്വേഷണ ഏജൻസി പുറത്തുവിട്ടിട്ടില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *