‘വിമാനത്തിൽ ഡോക്ടറോ നഴ്സോ ഉണ്ടോ?’; അപ്രതീക്ഷിത പ്രതിസന്ധിയിൽ സഹയാത്രികയ്ക്ക് കരുതലായി പ്രവാസി മലയാളി നഴ്സ്

ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് (IX 530) വിമാനയാത്രയ്ക്കിടെ ഉണ്ടായ അപ്രതീക്ഷിത മെഡിക്കൽ എമർജൻസിയിൽ സഹയാത്രികയ്ക്ക് തുണയായി പ്രവാസി മലയാളി നഴ്സ്. റാസൽഖൈമയിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന കൊല്ലം പരവൂർ സ്വദേശിനി പൂജ രാജകുമാരനാണ് ബോധരഹിതയാകാൻ തുടങ്ങിയ യാത്രക്കാരിക്ക് സമയോചിതമായ പരിചരണം നൽകി മാതൃകയായത്. ജൂലൈ ഒന്നിനായിരുന്നു സംഭവം. വൈകിട്ട് 7.50-ന് ദുബായിൽ നിന്ന് വിമാനം പറന്നുയർന്ന് അല്പസമയത്തിനകം, ‘മെഡിക്കൽ എമർജൻസി ഉണ്ട്, വിമാനത്തിൽ ഡോക്ടറോ നഴ്സോ ഉണ്ടെങ്കിൽ ഉടൻ അറിയിക്കണം’ എന്ന അനൗൺസ്മെന്റ് മുഴങ്ങി. അവധി ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങുകയായിരുന്ന പൂജ, സന്ദേശം കേട്ടയുടൻ ഒട്ടും ആലോചിക്കാതെ സീറ്റിൽ നിന്നെഴുന്നേറ്റ് കാബിൻ ക്രൂവിന്റെ അടുത്തേക്ക് ഓടിയെത്തി. ദുബായിലെ ചികിത്സയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന യാത്രക്കാരിക്കാണ് കടുത്ത ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. വല്ലാതെ തളർന്ന് ബോധം നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്ന അവർക്ക് പൂജ ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകുകയും തട്ടിവിളിച്ച് ഉണർത്തി വെള്ളം കുടിപ്പിക്കുകയും ചെയ്തു. കടുത്ത ഭയം കാരണം യാത്രക്കാരി വിറയ്ക്കാൻ തുടങ്ങിയപ്പോൾ, കാബിൻ ക്രൂവിന്റെ സഹായത്തോടെ കൈകൾ തിരുമ്മി ചൂടാക്കാനും അവർക്ക് മാനസികമായി ധൈര്യം പകരാനും പൂജ ശ്രദ്ധിച്ചു. യാത്രക്കാരിയുടെ അവസ്ഥ കണ്ട് ആശങ്കയിലായ സീനിയർ കാബിൻ ക്രൂ വിമാനം അടിയന്തരമായി മറ്റെവിടെയെങ്കിലും ഇറക്കണോ എന്ന് ആരാഞ്ഞു. എന്നാൽ, നഴ്സ് എന്ന നിലയിലുള്ള തന്റെ പരിചയസമ്പത്തിന്റെ കരുത്തിൽ അതിന്റെ ആവശ്യമില്ലെന്ന് പൂജ ആത്മവിശ്വാസത്തോടെ നിർദേശിച്ചു. ടെൻഷൻ കാരണമുള്ള താൽക്കാലിക ബുദ്ധിമുട്ടാണെന്നും യാത്രക്കാരി ഇപ്പോൾ സുരക്ഷിതയാണെന്നും അവർ ക്യാപ്റ്റനും ക്രൂവിനും ഉറപ്പ് നൽകി. പിറ്റേന്ന് പുലർച്ചെ 1.30-ന് വിമാനം തിരുവനന്തപുരത്ത് ഇറങ്ങുന്നതിന് തൊട്ടുമുൻപ് പൂജ വീണ്ടും യാത്രക്കാരിയുടെ അടുത്തെത്തി വിവരങ്ങൾ തിരക്കി. ഭയമെല്ലാം മാറി ആ മുഖത്തുണ്ടായ ആശ്വാസച്ചിരിയും, കൈകൾ ചേർത്തുപിടിച്ച് അവർ പറഞ്ഞ നന്ദിയും കരിയറിലെ ഏറ്റവും വലിയ ഭാഗ്യമായാണ് കരുതുന്നതെന്ന് പൂജ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *