
Saudi Houthi missile; ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം വീണ്ടും കലുഷിതമാകുന്നു. ശനിയാഴ്ച രാത്രി ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് ബഹ്റൈനിലെ ഒരു സിവിലിയൻ വ്യവസായ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായി. ഇതേസമയം, സൗദി അറേബ്യയിലെ റിയാദിലേക്കും മക്ക ഉൾപ്പെടുന്ന പശ്ചിമ മേഖലയിലേക്കും ഹൂതികൾ അയച്ച ഡ്രോണും ബാലിസ്റ്റിക് മിസൈലും സൗദി വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തു. ബഹ്റൈനിലെ വ്യവസായ കേന്ദ്രത്തിലുണ്ടായ തീ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസ് വിഭാഗം തീവ്രശ്രമം തുടരുകയാണ്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിനിരയായ സ്ഥാപനത്തിന്റെ പേരോ നഷ്ടത്തിന്റെ വ്യാപ്തിയോ അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആക്രമണത്തിന് തൊട്ടുമുമ്പ് രാജ്യവ്യാപകമായി അപായ സൈറണുകൾ മുഴങ്ങുകയും ആഭ്യന്തര മന്ത്രാലയം മൊബൈൽ ഫോണുകളിലൂടെ സുരക്ഷാ സന്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. പരിഭ്രാന്തരാകാതെ സുരക്ഷിത ഇടങ്ങളിലേക്ക് മാറാനും അത്യാവശ്യമില്ലാതെ പ്രധാന റോഡുകളിൽ ഇറങ്ങരുതെന്നും താമസക്കാർക്ക് നിർദേശമുണ്ടായിരുന്നു. ബഹ്റൈനിലെ അമേരിക്കൻ സൈനിക റഡാർ കേന്ദ്രങ്ങളെയാകാം ഇറാൻ ലക്ഷ്യമിട്ടതെന്നാണ് കരുതപ്പെടുന്നത്. ബാപ്കോ എണ്ണ ശുദ്ധീകരണശാല ഉൾപ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന കിഴക്കൻ തീരത്തെ സിത്ര ദ്വീപിന് മുകളിൽ കനത്ത പുക ഉയർന്നതായി പ്രദേശവാസികൾ വ്യക്തമാക്കി.
ഒരു ഇടവേളയ്ക്ക് ശേഷം നവംബർ 13 മുതലാണ് ബഹ്റൈനെ ലക്ഷ്യമിട്ട് ഇറാൻ വീണ്ടും ആക്രമണങ്ങൾ തുടങ്ങിയത്. നവംബർ 15, 17, 18 തീയതികളിലും സമാനമായ ആക്രമണ ശ്രമങ്ങളുണ്ടായി. നേരത്തെ, ഫെബ്രുവരിയിൽ യുഎസ്-ഇസ്രയേൽ സഖ്യം ഇറാനെതിരെ യുദ്ധം ആരംഭിച്ചപ്പോഴും യുഎസ് അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനമായ ബഹ്റൈനിൽ ശക്തമായ ആക്രമണങ്ങൾ നടന്നിരുന്നു. പുതിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച ബഹ്റൈൻ, സ്വയംപ്രതിരോധത്തിനായി നടപടി സ്വീകരിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭയ്ക്ക് കത്ത് നൽകി. മറുഭാഗത്ത്, റിയാദിന് നേരെ വന്ന ഡ്രോണും മക്ക അടങ്ങുന്ന പശ്ചിമ സൗദി ലക്ഷ്യമാക്കി തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലും സൈന്യം നിർവീര്യമാക്കിയതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി സ്ഥിരീകരിച്ചു. ഈ രണ്ട് സംഭവങ്ങളിലും ആർക്കും പരുക്കേൽക്കുകയോ നാശനഷ്ടങ്ങൾ ഉണ്ടാകുകയോ ചെയ്തിട്ടില്ല. വ്യോമാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ നാഷണൽ ഏർലി വാണിങ് പ്ലാറ്റ്ഫോം വഴി മക്കയിലെയും ജിദ്ദയിലെയും താമസക്കാരുടെ ഫോണുകളിലേക്ക് സിവിൽ ഡിഫൻസ് അടിയന്തര ജാഗ്രതാ നിർദേശം അയച്ചിരുന്നു. വാതിലുകളിൽ നിന്നും ജനാലകളിൽ നിന്നും അകന്ന് വീടിനുള്ളിലെ സുരക്ഷിത ഭാഗങ്ങളിൽ തുടരാനായിരുന്നു നിർദേശം. ഭീഷണി ഒഴിഞ്ഞതോടെ പിന്നീട് അപകടസാഹചര്യം നീങ്ങിയതായി അധികൃതർ അറിയിച്ചു. അതിനിടെ, മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കുന്ന ദൃശ്യങ്ങളോ അവ പതിക്കുന്ന സ്ഥലങ്ങളുടെ ചിത്രങ്ങളോ പകർത്തി പ്രചരിപ്പിക്കുന്നതിനെതിരെ സൗദി സിവിൽ ഡിഫൻസ് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.