
അബുദാബി: ബന്ധുവായ യുവതിയുടെ ചിത്രങ്ങൾ അവരുടെ അനുവാദമില്ലാതെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും മോശമായ രീതിയിൽ വ്യക്തിഹത്യ നടത്തുകയും ചെയ്ത കേസിൽ യുഎഇയിൽ പ്രവാസി യുവാവിന് കനത്ത പിഴയും ശിക്ഷയും. കുറ്റക്കാരനെന്ന് കണ്ടെത്തിയ യുവാവിന് കോടതി വൻ തുക പിഴ ചുമത്തുകയും, ശിക്ഷാ കാലാവധിക്ക് ശേഷം രാജ്യത്ത് നിന്ന് നാടുകടത്താൻ (Deportation) ഉത്തരവിടുകയും ചെയ്തു.
യുവതിയെയും അവരുടെ പിതാവിനെയും അപമാനിക്കാനും സമൂഹമധ്യത്തിൽ മോശക്കാരാക്കി ചിത്രീകരിക്കാനും ബോധപൂർവ്വം ശ്രമിച്ചു എന്ന യുവതിയുടെ പരാതിയിലാണ് കോടതി നടപടി. തന്റെയോ പിതാവിന്റെയോ യാതൊരുവിധ അനുമതിയും ഇല്ലാതെയാണ് പ്രതി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതെന്ന് യുവതി കോടതിയെ ബോധിപ്പിച്ചു.
തുടർന്ന് യുഎഇയിലെ സൈബർ ക്രൈം വിഭാഗം പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ യുവതിയുടെ പരാതി പൂർണ്ണമായും സത്യമാണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ കേസിൽ നിന്നും രക്ഷപ്പെടാൻ വിചിത്രമായ വാദമാണ് യുവാവ് കോടതിയിൽ ഉന്നയിച്ചത്. തന്റെ ഫോണിന്റെ പാസ്വേഡ് അറിയാവുന്ന യുവതി തന്നെയാണ് സ്വന്തം ചിത്രങ്ങൾ തന്റെ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത് തന്നെ കുടുക്കിയതെന്നായിരുന്നു യുവാവിന്റെ വാദം.
എന്നാൽ ഈ വാദങ്ങളെല്ലാം തള്ളിയ കോടതി, യുവാവിനെതിരെ കൃത്യമായ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന് വ്യക്തമാക്കി ശിക്ഷ വിധിക്കുകയായിരുന്നു. യുഎഇയിലെ കർശനമായ സൈബർ നിയമപ്രകാരം മറ്റൊരാളുടെ അനുമതിയില്ലാതെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതും, അപകീർത്തിപ്പെടുത്തുന്നതും കനത്ത തടവുശിക്ഷയും ലക്ഷക്കണക്കിന് രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t