
വിദേശ ധനസഹായ കൈമാറ്റങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി കുവൈറ്റ്; ഇക്കാര്യങ്ങൾ അറിയാതെ പോകരുത്
കുവൈത്ത് സിറ്റി: ചാരിറ്റബിൾ, പബ്ലിക് ബെനിഫിറ്റ് സൊസൈറ്റികളുടെ വിദേശ ധനസഹായ കൈമാറ്റങ്ങൾ നിരീക്ഷിക്കാൻ പുതിയ നിയമങ്ങളുമായി കുവൈറ്റ് സെൻട്രൽ ബാങ്ക്. ഓഗസ്റ്റ് 10 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിർദ്ദേശമനുസരിച്ച്, ഇത്തരം സ്ഥാപനങ്ങളുടെ വിദേശത്തേക്കുള്ളതും, വിദേശത്ത് നിന്ന് സ്വീകരിക്കുന്നതുമായ എല്ലാ പണമിടപാടുകളുടെയും വിശദമായ പ്രതിമാസ റിപ്പോർട്ട് നൽകാൻ ബാങ്കുകളോടും എക്സ്ചേഞ്ച് കമ്പനികളോടും സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടു.
പുതിയ റിപ്പോർട്ടിംഗ് സംവിധാനം (TRS):
വിശദമായ റിപ്പോർട്ട്: ഈ സംവിധാനത്തിന് കീഴിൽ നൽകുന്ന റിപ്പോർട്ടിൽ പണം കൈമാറ്റം ചെയ്ത സ്ഥാപനത്തിന്റെ പേര്, ഗുണഭോക്താവിന്റെ പേര്, രാജ്യം, തുക, കൈമാറ്റ തീയതി എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം.
തുകയ്ക്ക് പരിധിയില്ല: ചാരിറ്റബിൾ സ്ഥാപനങ്ങളുടെ കൈമാറ്റങ്ങൾക്ക് ഇനി തുകയുടെ പരിധി ബാധകമല്ല. ഒരു ദിനാർ പോലും കൈമാറ്റം ചെയ്താൽ റിപ്പോർട്ട് ചെയ്യണം.
മുൻകൂർ അനുമതി: ധനസഹായം കൈമാറുന്നതിന് സാമൂഹിക കാര്യ മന്ത്രാലയത്തിൽ നിന്നും ആവശ്യമെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും മുൻകൂർ അനുമതി നേടിയിരിക്കണം.
ഓഡിറ്റർ സാക്ഷ്യപ്പെടുത്തിയ വിവരങ്ങൾ: എല്ലാ വിവരങ്ങളും ഓഡിറ്റർ സാക്ഷ്യപ്പെടുത്തിയിരിക്കണം.
ലക്ഷ്യം സുതാര്യത: രാജ്യത്തിനകത്തും പുറത്തുമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുക, സഹായം അർഹരായവർക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ഒപ്പം കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം എന്നിവ തടയുക എന്നിവയാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ പണം പിരിക്കുന്ന കമ്പനികളുമായി ഒരു കരാറിലും ഏർപ്പെടരുതെന്നും ബാങ്കുകൾക്കും എക്സ്ചേഞ്ച് കമ്പനികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
സിവിൽ സൊസൈറ്റി സംഘടനകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ:
സിവിൽ സൊസൈറ്റി സംഘടനകളുടെ ബാങ്കിംഗ് ഇടപാടുകൾ മന്ത്രാലയം നൽകുന്ന ഔദ്യോഗിക കത്തിലൂടെയായിരിക്കണം. ശമ്പളം, അംഗത്വ ഫീസ്, കോഴ്സ് സബ്സ്ക്രിപ്ഷൻ ഫീസ് തുടങ്ങിയ സാധാരണ ഇടപാടുകൾക്ക് ഇത് ബാധകമല്ല.
വിദേശകാര്യ മന്ത്രാലയത്തിന്റെ ഹ്യുമാനിറ്റേറിയൻ ആക്ഷൻ സിസ്റ്റം അംഗീകരിച്ച എക്സിക്യൂട്ടീവ് ഏജൻസികൾ വഴിയായിരിക്കണം ചാരിറ്റബിൾ സംഘടനകൾ വിദേശ രാജ്യങ്ങളിലേക്ക് പണം കൈമാറേണ്ടത്. തീവ്രവാദ സൂചികയിൽ ഉയർന്ന സ്ഥാനത്തുള്ള രാജ്യങ്ങളിലേക്ക് പണം കൈമാറുമ്പോൾ വിദേശകാര്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. എന്നാൽ, പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിലേക്ക് പണം കൈമാറാൻ അംഗീകൃത ഏജൻസികൾക്ക് ബാങ്കിനെയോ എക്സ്ചേഞ്ച് കമ്പനിയെയോ നേരിട്ട് സമീപിക്കാം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)