
മൊറോക്കോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായുള്ള വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ച യുഎഇ പൗരന് അബുദാബി കോടതി മൂന്ന് വർഷം തടവും 50 ലക്ഷം ദിർഹം പിഴയും വിധിച്ചു. അബുദാബി ഫെഡറൽ അപ്പീൽ കോടതിയിലെ സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗമാണ് ശിക്ഷ വിധിച്ചത്. സൈഫ് സലേം സൈഫ് അലി അൽ മഖ്ബാലി എന്ന പ്രതിക്കെതിരെ അടിയന്തര വിചാരണയ്ക്കാണ് യുഎഇ അറ്റോർണി ജനറൽ ഉത്തരവിട്ടത്. മൊറോക്കോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി വിവാഹം നടത്താൻ നിയമം അനുവദിക്കുന്നുവെന്ന തെറ്റായ അവകാശവാദത്തോടെയാണ് ഇയാൾ വീഡിയോ പ്രചരിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിവാദമായ വീഡിയോ ഉടൻ നീക്കം ചെയ്യാനും പ്രതിയുടെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും അടച്ചുപൂട്ടാനും കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു.
സാമൂഹിക വിദ്വേഷവും വിവേചനവും വളർത്തുന്ന തരത്തിലുള്ള പ്രസ്താവനകളാണ് പ്രതി നടത്തിയതെന്നും, ഇത് യുഎഇയുടെ നിയമങ്ങളെയും സാമൂഹിക മൂല്യങ്ങളെയും ഗുരുതരമായി ലംഘിക്കുന്നതാണെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. കൂടാതെ യുഎഇ-മൊറോക്കോ ജനങ്ങൾ തമ്മിലുള്ള സൗഹൃദ ബന്ധത്തെയും ഇത് ബാധിച്ചുവെന്നാണ് അധികൃതരുടെ വിലയിരുത്തൽ. വീഡിയോ പുറത്തുവന്നതിന് പിന്നാലെ മൊറോക്കോയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലക്ഷ്യമിട്ട് നടത്തിയ പരാമർശങ്ങൾ ബാലാവകാശ ലംഘനത്തിനും മനുഷ്യക്കടത്തിനും പ്രേരണയാകാമെന്ന ആശങ്കയും മനുഷ്യാവകാശ പ്രവർത്തകർ ഉയർത്തിയിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t