ഈ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് ഈ പ്രമുഖ എയർലൈൻ; ശ്രദ്ധിക്കുക 

സൗദി അറേബ്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 24 വരെ താൽക്കാലികമായി നിർത്തിവെച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർക്ക് ടിക്കറ്റ് തീയതി മാറ്റുന്നതിനും മുഴുവൻ തുകയും റീഫണ്ടായി ലഭിക്കുന്നതിനും പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒക്ടോബർ 15-നോ അതിനു മുമ്പോ ടിക്കറ്റ് ബുക്ക് ചെയ്തവർക്കും ഒക്ടോബർ 9 മുതൽ 25 വരെ യാത്ര നിശ്ചയിച്ചിരുന്നവർക്കും നവംബർ 10 വരെയുള്ള തീയതികളിലേക്ക് ഒരു തവണ സൗജന്യമായി ടിക്കറ്റ് മാറ്റാം. സർവീസ് റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായും തിരികെ ലഭിക്കും.

അതേ റൂട്ടിൽ യാത്ര തുടരാൻ താൽപര്യമില്ലാത്തവർക്ക് സീറ്റുകളുടെ ലഭ്യത അനുസരിച്ച് ഗൾഫിലെ മറ്റ് വിമാനത്താവളങ്ങൾ വഴി യാത്ര പുനഃക്രമീകരിക്കാനും സൗകര്യമുണ്ട്. മറ്റ് രാജ്യങ്ങൾ വഴി യാത്ര ചെയ്യുന്നവർ സ്വന്തം നിലയിൽ തുടർയാത്രാ ക്രമീകരണങ്ങൾ നടത്തണം. കൂടാതെ, ബന്ധപ്പെട്ട രാജ്യങ്ങളിലെ വിസ, പ്രവേശന നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.

എയർ ഇന്ത്യ യാത്രക്കാർക്ക് ദുബായ്, ദോഹ വിമാനത്താവളങ്ങൾ വഴി യാത്ര പുനഃക്രമീകരിക്കാം. എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് അബുദാബി, അൽ ഐൻ, ബഹ്റൈൻ, ദോഹ, ദുബായ്, കുവൈത്ത്, മസ്കത്ത്, റാസൽഖൈമ, സലാല, ഷാർജ എന്നിവിടങ്ങളിലൂടെയും യാത്ര ക്രമീകരിക്കാവുന്നതാണ്. ടിക്കറ്റ് തീയതി മാറ്റുന്നതിനും റീഫണ്ട് ലഭിക്കുന്നതിനും ബന്ധപ്പെട്ട എയർലൈനുകളുടെ കോൾ സെന്ററുകളെയോ ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും സിറ്റി ബുക്കിങ് ഓഫീസുകളെയോ സമീപിക്കാം.

എയർ ഇന്ത്യ കോൾ സെന്റർ: +91 11 6932 9333 / +91 11 6932 9999. എയർ ഇന്ത്യ എക്സ്പ്രസ് കോൾ സെന്റർ: +91 124 693 5600 നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കൂടുതൽ വിവരങ്ങൾ യഥാസമയം അറിയിക്കുമെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ സർവീസ് നിലയും ടിക്കറ്റ് സംബന്ധിച്ച മാറ്റങ്ങളും ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version