കുടുംബവഴക്കിനിടെ മകനെ മൈക്ക് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു; അമ്മയ്ക്ക് ശിക്ഷ വിധിച്ച് കോടതി 

കുടുംബവഴക്കിനിടെ സ്വന്തം മകനെ മൈക്ക് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച 33കാരിയായ ഗൾഫ് സ്വദേശിനിക്ക് അജ്മാൻ ഫെഡറൽ പ്രഥമദൃഷ്ട്യാ കോടതി 1,000 ദിർഹം പിഴ വിധിച്ചു. 20 ദിവസത്തോളം ദൈനംദിന പ്രവർത്തനങ്ങൾ സാധാരണ നിലയിൽ ചെയ്യാൻ കഴിയാത്തവിധം കുട്ടിക്ക് പരിക്കേറ്റ സംഭവത്തിലാണ് കോടതിയുടെ നടപടി. യുഎഇയിലെ കുറ്റകൃത്യങ്ങളും ശിക്ഷകളും സംബന്ധിച്ച നിയമപ്രകാരമാണ് വിധി.

കോടതി രേഖകൾ പ്രകാരം, മകനും മകളും തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട അമ്മ പ്രകോപിതയായി കൈയിലുണ്ടായിരുന്ന മൈക്ക് ഉപയോഗിച്ച് മകന്റെ തലയ്ക്കടിക്കുകയായിരുന്നു. ഇതിനിടെ മാതാവിന്റെ വളർത്തുനായയുടെ കടിയേറ്റും കുട്ടിയുടെ ശരീരത്തിൽ പരിക്കുകളുണ്ടായി.

മകനെതിരായ അതിക്രമത്തെക്കുറിച്ച് പിതാവ് പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും വിചാരണയ്ക്കായി കോടതിയിലെത്തുകയുമായിരുന്നു. കുട്ടിയുടെ തലയ്ക്കേറ്റ പരിക്കുകൾ സ്ഥിരീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ടും അന്വേഷണത്തിൽ ലഭിച്ചു.

എന്നാൽ, അന്വേഷണത്തിനിടെയും വീഡിയോ ലിങ്ക് വഴി കോടതിയിൽ ഹാജരായപ്പോഴും പ്രതി കുറ്റം നിഷേധിച്ചു. മാതാവിനെ കുറ്റവിമുക്തയാക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ കോടതി അംഗീകരിച്ചു. കുട്ടിയുടെ മൊഴിയും മെഡിക്കൽ റിപ്പോർട്ടിലെ കണ്ടെത്തലുകളും പരസ്പരം പൊരുത്തപ്പെടുന്നതാണെന്നും പ്രതിയുടെ വാദങ്ങൾ തെളിവുകളെ ഖണ്ഡിക്കാൻ പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, പരിക്കേറ്റ കുട്ടിയുടെ മാതാവാണ് പ്രതിയെന്ന കുടുംബബന്ധം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകുകയായിരുന്നു. 1,000 ദിർഹം പിഴയ്ക്ക് പുറമെ കോടതി ചെലവുകളും അടയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version