പ്രവാസിപ്പണത്തിന്റെ ഒഴുക്ക് മാറുന്നുവോ? ഗൾഫിനൊപ്പം പാശ്ചാത്യ രാജ്യങ്ങളും; കേരളത്തിന് നിർണായക മാറ്റം

ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണമൊഴുക്കിൽ ഗൾഫ് രാജ്യങ്ങൾ ഇപ്പോഴും നിർണായക പങ്കുവഹിക്കുന്നുണ്ടെങ്കിലും അമേരിക്ക, ബ്രിട്ടൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പണമയക്കലിന്റെ പ്രാധാന്യം വർധിച്ചുവരുന്നു. വിദേശ തൊഴിൽ മേഖലകളിലെ മാറ്റങ്ങളും ഉയർന്ന ശമ്പളമുള്ള ജോലികൾ തേടി ഇന്ത്യൻ പ്രൊഫഷണലുകൾ വികസിത രാജ്യങ്ങളിലേക്ക് കുടിയേറുന്നതുമാണ് ഈ പ്രവണതയ്ക്ക് പ്രധാന കാരണം.

ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) രാജ്യങ്ങളിൽനിന്ന് വിദേശങ്ങളിലേക്ക് ഒഴുകിയ പ്രവാസിപ്പണം 2025ൽ 16,100 കോടി ഡോളറിലെത്തി. മുൻവർഷത്തെ അപേക്ഷിച്ച് 13.6 ശതമാനത്തിന്റെ വർധനവാണിത്. ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണത്തിന്റെ ഏകദേശം 38 ശതമാനവും ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരിൽനിന്നാണ് ലഭിക്കുന്നത്. 2024–25 സാമ്പത്തിക വർഷത്തിൽ ഈ തുക 52.44 ബില്യൺ ഡോളറായിരുന്നു. 

അതേസമയം, ഇന്ത്യയിലേക്കുള്ള പണമൊഴുക്കിന്റെ ഉറവിടങ്ങളിൽ പാശ്ചാത്യ രാജ്യങ്ങളുടെ പങ്കും ശക്തമാകുകയാണ്. അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനും തൊഴിൽ തേടിയും പോകുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നുണ്ട്. പഠനശേഷം ഉയർന്ന വരുമാനമുള്ള ജോലികളിൽ പ്രവേശിക്കുന്ന പ്രൊഫഷണലുകൾ നാട്ടിലേക്ക് അയയ്ക്കുന്ന പണവും രാജ്യത്തിന്റെ വിദേശനാണ്യ വരവിൽ പ്രധാന ഘടകമായി മാറുന്നു. റിസർവ് ബാങ്കിന്റെ 2023–24 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണത്തിന്റെ 27.7 ശതമാനം അമേരിക്കയിൽനിന്നും 19.2 ശതമാനം യുഎഇയിൽനിന്നുമാണ് എത്തിയത്. ബ്രിട്ടന്റെ വിഹിതം 10.8 ശതമാനമാണ്. ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കുടിയേറ്റം വർധിക്കുന്നതോടെ രാജ്യത്തേക്കുള്ള പണമൊഴുക്കിന്റെ ഘടനയിലും മാറ്റം പ്രകടമാകുന്നു. 

ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ വിപണിയിലും ഇതിനിടെ വലിയ മാറ്റങ്ങളുണ്ടാകുന്നുണ്ട്. എണ്ണയെ ആശ്രയിച്ചുള്ള സമ്പദ്‌വ്യവസ്ഥയിൽനിന്ന് ടൂറിസം, സാങ്കേതികവിദ്യ, ആരോഗ്യരംഗം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലേക്ക് രാജ്യങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഓട്ടമേഷൻ, സ്വദേശിവൽക്കരണ നയങ്ങൾ, തൊഴിൽ മേഖലയിലെ ഘടനാപരമായ മാറ്റങ്ങൾ എന്നിവ ചില പരമ്പരാഗത ജോലികളിലെ അവസരങ്ങളെ ബാധിക്കുന്നുമുണ്ട്. എന്നാൽ നൈപുണ്യമുള്ള ഇന്ത്യൻ പ്രൊഫഷണലുകൾക്ക് പുതിയ മേഖലകളിൽ അവസരങ്ങൾ തുറക്കാനും ഈ മാറ്റങ്ങൾ വഴിയൊരുക്കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ പ്രവണതയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. സംസ്ഥാനത്തെ ഏകദേശം 22 ലക്ഷം പ്രവാസികളുടെ വരുമാനം കുടുംബങ്ങളുടെ ജീവിതച്ചെലവുകൾ, വിദ്യാഭ്യാസം, ചികിത്സ, ഭവനനിർമാണം, വായ്പ തിരിച്ചടവ്, ചെറുകിട സംരംഭങ്ങൾ എന്നിവയ്ക്ക് വലിയ പിന്തുണയാണ് നൽകുന്നത്.

കേരള മൈഗ്രേഷൻ സർവേ 2023 പ്രകാരം, പ്രവാസികൾ സംസ്ഥാനത്തേക്ക് അയച്ച പണം 2018ലെ 85,092 കോടി രൂപയിൽനിന്ന് 2023ൽ 2.16 ലക്ഷം കോടി രൂപയായി ഉയർന്നു. ഇന്ത്യയിലെ മൊത്തം പ്രവാസിപ്പണമൊഴുക്കിൽ 19.7 ശതമാനം വിഹിതവുമായി കേരളം രണ്ടാം സ്ഥാനത്താണ്. മഹാരാഷ്ട്രയാണ് 20.5 ശതമാനവുമായി ഒന്നാമത്.  പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വർധിക്കുന്നുണ്ടെങ്കിലും സാധാരണക്കാരായ നിരവധി ഇന്ത്യൻ കുടുംബങ്ങൾക്ക് ഗൾഫ് രാജ്യങ്ങൾ ഇന്നും പ്രധാന വരുമാന സ്രോതസ്സാണ്. അതിനാൽ ഗൾഫിലെ തൊഴിൽ വിപണിയിലുണ്ടാകുന്ന മാറ്റങ്ങൾ കേരളത്തിന്റെ കുടുംബവരുമാനത്തെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും തുടർന്നും സ്വാധീനിക്കും. ഗൾഫും പാശ്ചാത്യ രാജ്യങ്ങളും ഉൾപ്പെടെയുള്ള വിവിധ തൊഴിൽ വിപണികളിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ് ഇന്ത്യയ്ക്കും കേരളത്തിനും മുന്നിലുള്ള പ്രധാന സാധ്യത. മാറുന്ന തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ച് നൈപുണ്യവും യോഗ്യതയും മെച്ചപ്പെടുത്തുന്ന പ്രവാസികൾക്ക് ആഗോള തൊഴിൽ വിപണിയിൽ കൂടുതൽ അവസരങ്ങൾ നേടാനാകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version