
ദുബായിൽനിന്ന് ന്യൂഡൽഹിയിലെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് യുഎഇയിലേക്കുള്ള മടക്ക സർവീസ് വൈകി. ഒക്ടോബർ 17 ശനിയാഴ്ച ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് EK517 വിമാനത്തിൽ പക്ഷിയിടിച്ചതെന്ന് എമിറേറ്റ്സ് അധികൃതർ സ്ഥിരീകരിച്ചു.
പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനത്തിന് നേരിയ കേടുപാടുകൾ സംഭവിച്ചു. അറ്റകുറ്റപ്പണികളും ആവശ്യമായ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കേണ്ടതിനാലാണ് ദുബായിലേക്കുള്ള സർവീസ് നീട്ടിവെച്ചത്. ഒക്ടോബർ 18 ഞായറാഴ്ച ഇന്ത്യൻ പ്രാദേശിക സമയം രാവിലെ ഏഴിന് വിമാനം ദുബായിലേക്ക് പുറപ്പെടുമെന്നാണ് അധികൃതർ അറിയിച്ചത്. യുഎഇ സമയം രാവിലെ 5.30നാണ് ഇത്.
സർവീസ് വൈകിയതോടെ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി എമിറേറ്റ്സ് ഹോട്ടൽ താമസവും മറ്റ് ആവശ്യമായ സഹായങ്ങളും ഒരുക്കി. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എപ്പോഴും മുൻഗണന നൽകുന്നതെന്നും സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും അധികൃതർ വ്യക്തമാക്കി.
വിമാനങ്ങൾ ലാൻഡ് ചെയ്യുമ്പോഴും ടേക്ക് ഓഫ് ചെയ്യുമ്പോഴുമാണ് പക്ഷിയിടി സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പ്രത്യേകിച്ച് 3,000 അടിയിൽ താഴെയുള്ള ഉയരത്തിലാണ് ഇത്തരം സംഭവങ്ങൾ സാധാരണയായി ഉണ്ടാകുന്നത്. എന്നാൽ ഭൂരിഭാഗം പക്ഷിയിടികളും വലിയ അപകടങ്ങളിലേക്കോ ഗുരുതരമായ വിമാനത്തകരാറുകളിലേക്കോ നയിക്കാറില്ല.
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം പ്രതിവർഷം ആയിരക്കണക്കിന് പക്ഷിയിടി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവയിൽ അഞ്ചിലൊന്നിൽ താഴെ സംഭവങ്ങളിൽ മാത്രമാണ് വിമാനങ്ങൾക്ക് ചെറിയ തോതിലെങ്കിലും കേടുപാടുകൾ സംഭവിക്കുന്നത്. വിമാനത്താവള പരിസരങ്ങളിൽ റഡാറുകൾ, പക്ഷികളെ അകറ്റാനുള്ള സംവിധാനങ്ങൾ, പരിസ്ഥിതി നിയന്ത്രണ നടപടികൾ എന്നിവ ഉപയോഗിച്ചാണ് ഇത്തരം അപകടസാധ്യതകൾ കുറയ്ക്കുന്നത്.