
സോഷ്യൽ മീഡിയയിലെ ഒരു നിസ്സാര കമന്റ് പോലും വലിയ നിയമക്കുരുക്കിലേക്ക് നയിക്കാമെന്ന് ഓർമ്മിപ്പിക്കുന്ന സംഭവമാണ് അജ്മാനിൽ റിപ്പോർട്ട് ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ മറ്റൊരു യുവതി പങ്കുവെച്ച ആഡംബര ഹാൻഡ് ബാഗിന്റെ ചിത്രത്തിന് താഴെ അത് വെറും ‘വ്യാജമാണ്’ എന്ന് കമന്റ് ചെയ്ത യുവതിയെയാണ് അജ്മാൻ പൊലീസ് വിമാനത്താവളത്തിൽ വെച്ച് തടഞ്ഞത്.
ഭർത്താവിനും കുട്ടികൾക്കുമൊപ്പം യാത്ര തിരിക്കാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു യുവതി. എന്നാൽ ബാഗിന്റെ ഉടമ നൽകിയ അപകീർത്തി പരാതിയെത്തുടർന്ന് അധികൃതർ ഇവരെ തടയുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുടുംബത്തിന് യാത്ര തുടരാൻ അനുവാദം നൽകിയെങ്കിലും യുവതിയെ കൂടുതൽ നിയമനടപടികൾക്കായി അജ്മാൻ പൊലീസിന് കൈമാറി.
യുഎഇയിലെ കർശനമായ സൈബർ നിയമപ്രകാരം സോഷ്യൽ മീഡിയയിലൂടെ മറ്റൊരാളെ അപകീർത്തിപ്പെടുത്തുന്നതോ അന്തസ്സിന് കളങ്കമുണ്ടാക്കുന്നതോ ആയ പരാമർശങ്ങൾ നടത്തുന്നത് ഗുരുതരമായ കുറ്റമാണ്. പരാതി പിൻവലിച്ചിരുന്നില്ലെങ്കിൽ രണ്ടര ലക്ഷം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയോ തടവ് ശിക്ഷയോ യുവതിക്ക് നേരിടേണ്ടി വരുമായിരുന്നു. ഏകദേശം ഒരു കോടി രൂപയോളം വരും ഈ പിഴത്തുക.
ഒടുവിൽ അജ്മാൻ പൊലീസിന്റെ മധ്യസ്ഥതയിൽ ഇരുവിഭാഗവും തമ്മിൽ നടത്തിയ ചർച്ചക്കൊടുവിൽ പരാതിക്കാരി കേസ് പിൻവലിക്കാൻ തയ്യാറായി. ഇതോടെയാണ് കനത്ത ശിക്ഷാ നടപടികളിൽ നിന്ന് യുവതിക്ക് രക്ഷപ്പെടാനായത്. സോഷ്യൽ മീഡിയയിൽ തമാശയ്ക്കോ അല്ലാതെയോ നൽകുന്ന അഭിപ്രായങ്ങൾ മറ്റൊരാളുടെ വ്യക്തിത്വത്തെയോ പ്രശസ്തിയെയോ ബാധിച്ചാൽ അത് ക്രിമിനൽ കുറ്റമായി മാറുമെന്ന് അജ്മാൻ പൊലീസ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ഡോ. മുഹമ്മദ് ബിൻ ഹാസിം അൽ സുവൈദി ഓർമ്മിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t