
യുഎഇയിലെ റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണാപകടത്തിൽ മലയാളി യുവാവിനും ജീവൻ നഷ്ടമായി. തലശ്ശേരി സ്വദേശിയായ സങ്കീർത്ത സുരേഷ് (26) ആണ് മരിച്ച മലയാളിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അപകടത്തിൽ ആകെ 13 പേരാണ് മരിച്ചത്. മരിച്ചവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരം.
റാസൽഖൈമയിലെ അൽ വതൻ റോഡിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. ഒമാനിൽ പോയി വീസ പുതുക്കി മടങ്ങുകയായിരുന്ന യാത്രക്കാരുമായി വന്ന ബസ് റോഡരികിൽ സാങ്കേതിക തകരാറിനെ തുടർന്ന് നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് ബസിൽ 41 യാത്രക്കാരുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ 11 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി പിന്നീട് മരിച്ചതോടെയാണ് മരണസംഖ്യ 13 ആയത്. അപകടത്തിൽപ്പെട്ട ബസ് മലയാളിയുടെ ഉടമസ്ഥതയിലുള്ള ട്രാവൽസ് സ്ഥാപനത്തിലേതാണെന്നുംയാത്രക്കാരിൽ മലയാളികൾ ഉൾപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഒമാനിലേക്ക് വീസ മാറ്റുന്നതിനായി പോയവരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ പരുക്കേറ്റ 14 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു.
അപകടത്തിൽ ഇന്ത്യക്കാരും മരിച്ചതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടതായും യുഎഇ അധികൃതരുമായി സഹകരിച്ച് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ പ്രവർത്തിക്കുന്നതായും കോൺസുലേറ്റ് അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും സഹായങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന 800-46342 എന്ന ടോൾ ഫ്രീ ഹെൽപ്ലൈനും ഏർപ്പെടുത്തിയിട്ടുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തെക്കുറിച്ച് സ്ഥിരീകരിക്കാത്ത വിവരങ്ങളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.