ദുബായിൽ ഗതാഗത നിയമലംഘനം; 35,928 ഇ-സ്കൂട്ടറുകളും ഇ-ബൈക്കുകളും സൈക്കിളുകളും പിടിച്ചെടുത്തു

Dubai e-scooter traffic violations; എമിറേറ്റിലുടനീളം ഗതാഗത നിയമലംഘനങ്ങളും അശ്രദ്ധമായ യാത്രയും ലക്ഷ്യമിട്ട് നടത്തിയ സംയുക്ത പരിശോധനയിൽ 35,928 ഇ-സ്കൂട്ടറുകളും സൈക്കിളുകളും ഇ-ബൈക്കുകളും ദുബായ് പോലീസും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർ.ടി.എ) പിടിച്ചെടുത്തു. സൈക്ലിംഗ് ട്രാക്കുകൾ, പ്രധാന റോഡുകൾ, സോഫ്റ്റ് മൊബിലിറ്റി മേഖലകൾ എന്നിവ നിരീക്ഷിക്കുന്ന ആർ.ടി.എ-ദുബായ് പോലീസ് സംയുക്ത സംഘമായ ‘പേഴ്‌സണൽ മൊബിലിറ്റി മോണിറ്ററിംഗ് യൂണിറ്റ്’ ആണ് നടപടിയെടുത്തത്. ദൈനംദിന യാത്രകൾക്കായി കൂടുതൽ താമസക്കാർ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. അനുമതിയില്ലാത്ത ഇലക്ട്രിക് സൈക്കിളുകളും മോട്ടോർ സൈക്കിളുകളും ഉപയോഗിക്കുക, നിശ്ചിത ട്രാക്കുകൾക്ക് പുറത്തുകൂടി ഓടിക്കുക, അമിതവേഗത, ഗതാഗത ദിശയ്ക്ക് എതിരായി സഞ്ചരിക്കുക, ഇലക്ട്രിക് സ്കൂട്ടറിൽ മറ്റൊരാളെക്കൂടി കയറ്റുക തുടങ്ങിയവയാണ് പ്രധാന നിയമലംഘനങ്ങൾ. നിയമലംഘകർക്ക് പിഴ ചുമത്തുകയും അംഗീകൃത നടപടിക്രമങ്ങൾ പ്രകാരം വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു.


ഉപയോക്താക്കൾക്കിടയിൽ ശക്തമായ സുരക്ഷാ സംസ്കാരം വളർത്താനും നിയമങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാനും ആർ.ടി.എ പ്രതിജ്ഞാബദ്ധമാണെന്ന് ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി ട്രാഫിക് ഡയറക്ടർ അഹമ്മദ് അൽ ഖുസൈമി പറഞ്ഞു. ഇതിനായി പ്രത്യേക സൈക്ലിംഗ് ട്രാക്കുകളും സൈൻ ബോർഡുകളും ഒരുക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സുരക്ഷിതമായ പ്രവർത്തന നിയമങ്ങളും നടപ്പിലാക്കി എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാനും സ്മാർട്ട് ഗതാഗത സംവിധാനം ശക്തിപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രക്കാർ നിശ്ചിത ട്രാക്കുകൾ ഉപയോഗിക്കുകയും കാൽനടയാത്രക്കാരുടെ അവകാശങ്ങൾ മാനിക്കുകയും വേണമെന്ന് ദുബായ് പോലീസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലം ബിൻ സുവൈദാൻ പറഞ്ഞു. സുരക്ഷിതമല്ലാത്ത യാത്രകൾ തടയാനും ഉത്തരവാദിത്തബോധം വളർത്താനുമാണ് നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടങ്ങളും നിയമലംഘനങ്ങളും കുറയ്ക്കുന്നതിനായി ഓരോ ഉപകരണത്തിനും നിശ്ചയിച്ചിട്ടുള്ള ഗതാഗത നിയമങ്ങൾ പാലിക്കാൻ ആർ.ടി.എ അഭ്യർത്ഥിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *