ഇടയ്ക്ക് സ്റ്റോപ്പില്ല, അപരിചിതർക്കൊപ്പം യാത്രയുമില്ല; ദുബായിൽ മെട്രോ യാത്രക്കാർക്കായി ഡ്രൈവറില്ലാ ‘പോഡുകൾ’ വരുന്നു

Dubai driverless pods; ദുബായ് മെട്രോ സ്റ്റേഷനുകളിൽ നിന്ന് വീടുകൾ, ഓഫീസുകൾ, കടകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് നേരിട്ട് യാത്രയൊരുക്കാൻ ഡ്രൈവറില്ലാത്ത ചെറുവാഹനങ്ങളുമായി ഗ്ലൈഡ്‌വേയ്‌സ് (Glydways). മെട്രോയും ലക്ഷ്യസ്ഥാനങ്ങളും തമ്മിലുള്ള ദൂരം കുറയ്ക്കാൻ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) സാധ്യതയുള്ള പാതകൾ പഠിക്കുന്നതിനിടെയാണ് പുതിയ യാത്രാ സംവിധാനം അവതരിപ്പിക്കുന്നത്. ബസുകളിലോ മെട്രോയിലോ പോലെ ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ നിർത്തുകയോ അപരിചിതർക്കൊപ്പം യാത്ര പങ്കിടുകയോ ചെയ്യേണ്ടതില്ല എന്നതാണ് പ്രത്യേകത. ഒരാൾക്കോ ഒരു കുടുംബത്തിനോ സുഹൃത്തുക്കളുടെ സംഘത്തിനോ സ്വന്തമായി ഒരു ‘ഗ്ലൈഡ്‌കാർ’ (Glydcar) ലഭിക്കും. നാല് മുതൽ ആറ് പേർക്ക് വരെ സഞ്ചരിക്കാവുന്ന ശീതീകരിച്ച ഈ ഇലക്ട്രിക് വാഹനങ്ങളിൽ ലഗേജുകൾക്കും വീൽചെയറുകൾക്കും ബേബി സ്‌ട്രോളറുകൾക്കും സൗകര്യമുണ്ടാകും.

ബ്ലൂവാട്ടേഴ്സ് ദ്വീപിൽ കമ്പനി പരീക്ഷണ ഓട്ടം പൂർത്തിയാക്കിയിട്ടുണ്ട്. നാഷണൽ പെയിന്റ്സ് മെട്രോ സ്റ്റേഷനിൽ നിന്ന് ബ്ലൂവാട്ടേഴ്സിലേക്കുള്ള 2.8 കിലോമീറ്റർ പാതയാണ് ആർടിഎ പഠിക്കുന്നത്. പരീക്ഷണയോട്ടത്തിൽ മണിക്കൂറിൽ 24 കിലോമീറ്ററായിരുന്നു വേഗതയെങ്കിലും, പ്രധാന ശൃംഖലയിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകും. മിക്ക സമയങ്ങളിലും കാത്തുനിൽക്കാതെ തന്നെ ആക്സസ് പോയിന്റുകളിൽ നിന്ന് വാഹനം ലഭ്യമാകുമെന്നും, ആവശ്യമെങ്കിൽ 30 മുതൽ 60 സെക്കൻഡ് വരെയേ കാത്തിരിക്കേണ്ടി വരൂ എന്നും കമ്പനി പറയുന്നു. മൊബൈൽ ആപ്പ് വഴിയോ കിയോസ്കുകൾ വഴിയോ ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കാമെന്നതിനാൽ സ്മാർട്ട്ഫോൺ ഇല്ലാത്തവർക്കും സേവനം ഉപയോഗിക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സർവീസിൽ മെട്രോ, ബസ് നിരക്കുകൾക്ക് സമാനമായ ചാർജ് ഈടാക്കാനാണ് ലക്ഷ്യമിടുന്നത്. നോൽ (nol) കാർഡ് ഉപയോഗം, നിരക്കുകൾ, പ്രവർത്തന സമയം എന്നിവ ആർടിഎ തീരുമാനിക്കും. കഠിനമായ ചൂടിലെ നടത്തവും കാത്തിരിപ്പും കാരണം യാത്രക്കാർ സ്വന്തം കാറുകളെ ആശ്രയിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ഗ്ലൈഡ്‌വേയ്‌സ് സഹസ്ഥാപകനും സഹ സിഇഒയുമായ മാർക്ക് സീഗർ പറഞ്ഞു. സർവീസ് തുടങ്ങുന്ന തീയതിയോ അന്തിമ പാതയോ വാഹനങ്ങളുടെ എണ്ണമോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *