
Strait of Hormuz missile attack; ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികർ ജോലി ചെയ്തിരുന്ന എൽപിജി ടാങ്കർ കപ്പലിന് നേരെ മിസൈലാക്രമണം. പനാമയുടെ പതാകയേന്തിയ ‘താര ഗ്യാസ്’ എന്ന കപ്പലാണ് ഇന്നലെ ആക്രമിക്കപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യക്കാർ ഉൾപ്പെടെ 25 ജീവനക്കാരും പരുക്കുകളൊന്നുമില്ലാതെ പൂർണ്ണ സുരക്ഷിതരാണെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൽ അറിയിച്ചു. മേഖലയിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കപ്പൽ മാനേജ്മെന്റുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി സമൂഹമാധ്യമമായ എക്സിലൂടെ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇന്ത്യൻ ജീവനക്കാരുള്ള കപ്പലിന് നേരെ മേഖലയിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഈ മാസം 11-നും സമാനമായ രീതിയിൽ ഒരു കപ്പലിന് നേരെ ആക്രമണമുണ്ടായിരുന്നു. അന്നത്തെ സംഭവത്തിൽ കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും യുഎഇ കോസ്റ്റ് ഗാർഡ് അതിവേഗം ഇടപെട്ട് സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു. ലോകത്തിലെ എണ്ണക്കയറ്റുമതിയുടെ സിംഹഭാഗവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ജലപാതയാണ് ഹോർമുസ് കടലിടുക്ക്. അടുത്തിടെയായി ഗൾഫ് മേഖലയിലും ഹോർമുസ് കടലിടുക്കിലും ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നിലവിലുള്ള സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് കടൽപ്പാതയിലുടനീളം കനത്ത ജാഗ്രത തുടരുകയാണ്.