Dubai Metro Blue Line; ദുബായ് മെട്രോയുടെ പുതിയ പാതയായ ബ്ലൂ ലൈൻ നിർമ്മാണത്തിൽ വലിയ മുന്നേറ്റവുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി . അത്യാധുനിക എഞ്ചിനീയറിംഗ് സാങ്കേതികവിദ്യയുടെയും സ്മാർട്ട് നിർമ്മാണ രീതികളുടെയും സഹായത്തോടെ ഒന്നാം ഘട്ട ടണൽ നിർമ്മാണം റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. മാസങ്ങൾക്ക് മുമ്പ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്ത ടണൽ ജോലികളാണ് ഇപ്പോൾ ആദ്യഘട്ടം പിന്നിട്ടിരിക്കുന്നത്. ‘അൽ വുഗൈഷ’ എന്ന അത്യാധുനിക ടണൽ ബോറിംഗ് മെഷീൻ ആണ് ഈ നിർമ്മാണ ദൗത്യത്തിന് നേതൃത്വം നൽകുന്നത്. 163 മീറ്റർ നീളവും 2,000 ടണ്ണിലധികം ഭാരവുമുള്ള ഈ കൂറ്റൻ യന്ത്രം ഡിജിറ്റൽ ഗൈഡൻസ്, മോണിറ്ററിംഗ് സംവിധാനങ്ങളുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. 2007-ൽ ആദ്യമായി മെട്രോ ടണൽ നിർമ്മാണം തുടങ്ങിയപ്പോൾ പ്രതിദിനം 12 മീറ്റർ എന്ന തോതിലായിരുന്നു പുരോഗതിയെങ്കിൽ, ഇന്ന് അൽ വുഗൈഷ പ്രതിദിനം 30 മീറ്റർ വരെ തുരങ്കം നിർമ്മിച്ച് പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഏഴ് മാസം കൊണ്ട് പൂർത്തിയാക്കേണ്ട ജോലികൾ വെറും രണ്ട് മാസത്തിനുള്ളിലാണ് ആർടിഎ പൂർത്തിയാക്കിയത്. 18 ബില്യൺ ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന ബ്ലൂ ലൈൻ പദ്ധതി 2029 സെപ്റ്റംബർ 9-ന്, അതായത് ദുബായ് മെട്രോയുടെ ഇരുപതാം വാർഷികത്തിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. 30 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ ആകെ 14 സ്റ്റേഷനുകളുണ്ടാകും. ഇതിൽ പകുതിയോളം പാത ഭൂമിക്കടിയിലൂടെയും ബാക്കി ഭാഗം ഭൂമിക്ക് മുകളിലൂടെയുമാണ് കടന്നുപോകുന്നത്. കേവലം രണ്ട് പതിറ്റാണ്ടിനുള്ളിൽ എഞ്ചിനീയറിംഗ് രംഗത്ത് വലിയ കുതിച്ചുചാട്ടം നടത്തിയ ദുബായ്, ബ്ലൂ ലൈനിലൂടെ ആഗോള തലത്തിൽ പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയാണെന്നും ആർടിഎ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t