
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിക്കാനൊരുങ്ങിയിരുന്ന ഒരു വിനോദസഞ്ചാരി ടാക്സിയിൽ മറന്നുവെച്ച 10,000 ദിർഹവും വിലപിടിപ്പുള്ള വ്യക്തിഗത സാധനങ്ങളും സത്യസന്ധമായി തിരിച്ചേൽപ്പിച്ച ടാക്സി ഡ്രൈവറെ ദുബായ് ടൂറിസ്റ്റ് പൊലീസ് ആദരിച്ചു. ടാക്സി ഡ്രൈവറായ ജെഫ്രി എസ്ര അമോസാണ് യാത്രക്കാരൻ മറന്നുവെച്ച പണവും മറ്റ് വസ്തുക്കളും കണ്ടെത്തി ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുകയും അവ സുരക്ഷിതമായി ഉടമയ്ക്ക് തിരികെ ലഭ്യമാക്കുകയും ചെയ്തത്. വിമാനം പുറപ്പെടുന്നതിന് മുമ്പ് തന്നെ നഷ്ടപ്പെട്ട സാധനങ്ങൾ കൈമാറാൻ അദ്ദേഹം കാട്ടിയ ഉത്തരവാദിത്തബോധവും വേഗത്തിലുള്ള ഇടപെടലും ഏറെ പ്രശംസിക്കപ്പെട്ടു.
ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ കീഴിലുള്ള ടൂറിസ്റ്റ് പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ, ടൂറിസ്റ്റ് ഹാപ്പിനസ് സെക്ഷൻ തലവൻ ക്യാപ്റ്റൻ അഹമ്മദ് മുഹമ്മദ് അൽ മുഹൈരിയുടെ സാന്നിധ്യത്തിൽ ടൂറിസ്റ്റ് പൊലീസ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് അബ്ദുൽ റഹ്മാൻ ഡ്രൈവറെ ആദരിച്ചു.
അമോസ് പ്രകടിപ്പിച്ച സത്യസന്ധതയും സേവനനിഷ്ഠയും വിനോദസഞ്ചാരികൾക്ക് ദുബായ് നൽകുന്ന സുരക്ഷിതവും വിശ്വാസ്യതയുള്ളതുമായ അന്തരീക്ഷത്തിന്റെ മികച്ച ഉദാഹരണമാണെന്ന് ചടങ്ങിൽ അധികൃതർ അഭിപ്രായപ്പെട്ടു. യാത്രക്കാരന് വിമാനം നഷ്ടമാകുന്നതിന് മുമ്പ് തന്നെ പണവും സാധനങ്ങളും തിരിച്ചുകിട്ടാൻ സഹായിച്ചതിലൂടെ അദ്ദേഹം മാതൃകാപരമായ ഉത്തരവാദിത്തബോധമാണ് പ്രകടിപ്പിച്ചതെന്നും അധികൃതർ കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t