എമിറേറ്റ്സ് ഐഡി പുതുക്കാൻ വൈകിയവർക്ക് ആശ്വാസം! പിഴ ഒഴിവാക്കാൻ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ അധികൃതർ; ഈക്കാര്യങ്ങൾ ശ്രദ്ധിക്കാം

യുഎഇയിൽ എമിറേറ്റ്സ് ഐഡി പുതുക്കൽ വൈകിയതിനുള്ള പിഴയിൽ നിന്ന് ചില വിഭാഗങ്ങൾക്ക് ഇളവ് അനുവദിച്ച് അധികൃതർ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ICP) ആണ് ഇളവിന് അർഹരാകുന്ന വിഭാഗങ്ങളെയും അപേക്ഷാ നടപടികളെയും കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടത്. നിലവിലെ നിയമപ്രകാരം എമിറേറ്റ്സ് ഐഡിയുടെ കാലാവധി അവസാനിച്ചതിന് ശേഷം 30 ദിവസത്തിനകം പുതുക്കൽ നടപടികൾ ആരംഭിക്കണം. സമയപരിധി ലംഘിച്ചാൽ പ്രതിദിനം 20 ദിർഹം വീതം പരമാവധി 1,000 ദിർഹം വരെ പിഴ ഈടാക്കും. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ പിഴ ഒഴിവാക്കാൻ അപേക്ഷിക്കാനുള്ള സൗകര്യമാണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

ഗുരുതര ആരോഗ്യപ്രശ്നങ്ങളോ ഭിന്നശേഷിയോ കാരണം രജിസ്ട്രേഷൻ കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്തവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി ഇളവ് നേടാം. അതുപോലെ 70 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും ഇളവിന് അർഹതയുണ്ട്. തുടർച്ചയായി മൂന്ന് മാസത്തിലധികം യുഎഇയ്ക്ക് പുറത്തായിരുന്നവർക്കും, വിദേശത്തിരിക്കെ റെസിഡൻസി വിസ കാലാവധി കഴിഞ്ഞവർക്കും പിഴ ഒഴിവാക്കാൻ അപേക്ഷിക്കാം. എന്നാൽ യുഎഇ വിടുന്നതിന് മുൻപേ ഐഡി കാലാവധി കഴിഞ്ഞവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

കോടതി വിധിയുടെയോ അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിന്റെയോ അടിസ്ഥാനത്തിൽ നാടുകടത്തപ്പെട്ടവർക്കും, ടൈപ്പിംഗ് സെന്ററുകളിലോ സിസ്റ്റത്തിലോ ഉണ്ടായ സാങ്കേതിക പിഴവുകൾ മൂലം അപേക്ഷ വൈകിയവർക്കും ഇളവ് അനുവദിക്കും. പുതിയ പാസ്‌പോർട്ട് ലഭിക്കാത്തത് പോലുള്ള ഭരണപരമായ തടസ്സങ്ങൾ നേരിട്ട സ്വദേശികൾക്കും പ്രത്യേക പരിഗണനയുണ്ടാകും.
അപേക്ഷ സമർപ്പിക്കുമ്പോൾ പാസ്‌പോർട്ട് പകർപ്പ്, വിസ അല്ലെങ്കിൽ എൻട്രി പെർമിറ്റ് പകർപ്പ്, കാലതാമസത്തിന്റെ കാരണം വിശദീകരിക്കുന്ന കത്ത് എന്നിവ നിർബന്ധമായും നൽകണം. വിദേശത്തായിരുന്നവർ യാത്രാ രേഖകളും, രോഗബാധിതർ മെഡിക്കൽ സർട്ടിഫിക്കറ്റും, മുതിർന്നവർ പ്രായം തെളിയിക്കുന്ന രേഖകളും സമർപ്പിക്കണം.

ഇളവിനായുള്ള അപേക്ഷകൾ ICP ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ‘UAEICP’ സ്മാർട്ട് ആപ്പ് വഴിയോ സമർപ്പിക്കാം. രാജ്യത്തുടനീളമുള്ള ICP കസ്റ്റമർ ഹാപ്പിനസ് സെന്ററുകളിലും നേരിട്ട് അപേക്ഷിക്കാനുള്ള സൗകര്യമുണ്ട്. യുഎഇ പാസ് ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ‘Request for Delay Fees Exemption’ സേവനം തിരഞ്ഞെടുക്കണം. തുടർന്ന് ആവശ്യമായ വ്യക്തിഗത വിവരങ്ങളും അനുബന്ധ രേഖകളും അപ്‌ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കാം. അപേക്ഷ ലഭിച്ചതിന് ശേഷം 48 മണിക്കൂറിനകം ICPയുടെ പ്രത്യേക സമിതി ഇത് പരിശോധിച്ച് അന്തിമ തീരുമാനം അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy