
യുഎഇയിലേക്കുള്ള യാത്രാ പദ്ധതികൾ തയ്യാറാക്കുന്നവർക്ക് വലിയ ആശ്വാസമായി പുതിയ ഓൺലൈൻ സംവിധാനം. സ്വന്തം രാജ്യത്തിന് വിസ രഹിത പ്രവേശനമോ വിസ ഓൺ അറൈവൽ സൗകര്യമോ ലഭ്യമാണോ എന്ന് ഇനി എളുപ്പത്തിൽ പരിശോധിക്കാം. യുഎഇ വിദേശകാര്യ മന്ത്രാലയം സജ്ജമാക്കിയ ഡിജിറ്റൽ ടൂൾ വഴിയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ 80-ത്തിലധികം രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎഇയിൽ വിസ ഇളവുകളോ വിസ ഓൺ അറൈവൽ സംവിധാനമോ നിലവിലുണ്ട്. ഈ ആനുകൂല്യത്തിന് അർഹതയുണ്ടോ എന്ന് അറിയാൻ ഇനി ഓഫിസുകൾ കയറിയിറങ്ങേണ്ടതില്ല.
വിസ യോഗ്യത പരിശോധിക്കുന്നത് എങ്ങനെ?
മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് വിസ ഇളവ് വിഭാഗത്തിൽ നിങ്ങളുടെ രാജ്യം തിരഞ്ഞെടുക്കുക. തുടർന്ന് ‘വിസ ഫ്രീ’ അല്ലെങ്കിൽ ‘വിസ റുക്വിർഡ്’ എന്ന നിലയിൽ നിങ്ങളുടെ സ്റ്റാറ്റസ് വ്യക്തമാകും. അതനുസരിച്ച് യാത്രയ്ക്കുമുമ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കാം.
ഇന്ത്യൻ പൗരന്മാർ ശ്രദ്ധിക്കുക
സാധാരണ പാസ്‌പോർട്ടുള്ള ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദിഷ്ട നിബന്ധനകളോടെ വിസ ഓൺ അറൈവൽ ലഭ്യമാണ്. യുഎസ്, യുകെ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ സാധുവായ വിസയോ റെസിഡൻസി പെർമിറ്റോ ഉള്ളവർക്ക് ഈ സൗകര്യം ലഭിക്കും. കൂടാതെ സിംഗപ്പൂർ, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ വിസയും പരിഗണിക്കും.
താമസ കാലാവധി
വിസ ഓൺ അറൈവൽ ലഭിക്കുന്നവർക്ക് രാജ്യാനുസൃതമായി 30 ദിവസമോ 90 ദിവസമോ യുഎഇയിൽ തുടരാം.
വിസ ആവശ്യമായാൽ
വിസ ഇളവ് ലഭിക്കാത്തവർക്ക് വിവിധ മാർഗങ്ങളിലൂടെ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം:
-എയർലൈൻസുകൾ വഴി
-അംഗീകൃത ട്രാവൽ ഏജൻസികൾ വഴി
-യുഎഇയിൽ ഉള്ള സ്പോൺസർമാർ വഴി
സാധാരണയായി 14, 30, 90 ദിവസത്തേക്കുള്ള ടൂറിസ്റ്റ് വിസകളാണ് ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി ICP UAE, GDRFA Dubai എന്നീ ഔദ്യോഗിക പോർട്ടലുകളും പരിശോധിക്കാം. വിസ നിയമങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്ര ബുക്ക് ചെയ്യുന്നതിന് മുൻപ് ഔദ്യോഗിക സൈറ്റുകളിൽ നിന്നുള്ള വിവരങ്ങൾ ഉറപ്പാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t