കുവൈത്ത് സിറ്റി: കനത്ത ചൂടുകാലത്തിന് അവസാനമായതോടെ രാജ്യത്ത് അനുഭവപ്പെടുന്നത് മിതമായ കാലാവസ്ഥ. പകലിൽ വലിയ ചൂട് ഇപ്പോൾ അനുഭവപ്പെടുന്നില്ല. രാത്രി നേരിയ തണുപ്പുണ്ട്. നിലവിൽ കൂടിയ താപനില ശരാശരി 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില ശരാശരി 15 ഡിഗ്രി സെൽഷ്യസും ആണ്. ഈ ആഴ്ച പകൽ പൊതുവെ കുറഞ്ഞ ചൂടും രാത്രിയിൽ മിതമായ തണുപ്പും ആയിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.രാജ്യത്തിന്റെ ഭൂരിപക്ഷം ഭാഗങ്ങളിലും ഇതേ കാലാവസ്ഥ തുടരും. ചില പ്രദേശങ്ങളിൽ നേരിയ മൂടൽമഞ്ഞ് അനുഭവപ്പെടും. അതേസമയം, വടക്കുപടിഞ്ഞാറൻ കാറ്റ് രാജ്യത്തെ ബാധിക്കുമെന്നും ഇത് അസ്ഥിരമായ കാലാവസ്ഥക്ക് കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. നേരത്തേ രാജ്യത്ത് മഴ പ്രവചിച്ചിരുന്നുവെങ്കിലും ശക്തമായ മഴ അനുഭവപ്പെട്ടിട്ടില്ല. കനത്ത മഴക്കു പിറകെയാണ് രാജ്യം തണുപ്പു സീസണിലേക്ക് പ്രവേശിക്കാറ്.മഴ സാധ്യത മുന്നിൽക്കണ്ട് വിവിധ സർക്കാർ വകുപ്പുകൾ തയാറെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.നവംബർ അവസാനത്തോടെ രാജ്യം തണുപ്പ് സീസണിലേക്ക് മാറുകയാണ് പതിവ്. ഡിസംബർ, ജനുവരി മാസങ്ങളിലും ഫെബ്രുവരി ആദ്യ വാരവും ശക്തമായ തണുപ്പ് അനുഭവപ്പെടും. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മിത ശീതോഷ്ണമായിരിക്കും. പിന്നീട് കനത്ത ചൂടിലേക്ക് കടക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR