150-ലേറെ പേർക്ക് ജോലി നൽകി, കോടികളുടെ ബിസിനസ് പടുത്തുയർത്തി; ഇന്ന് ഒരു മുറിയിൽ ഒറ്റപ്പെട്ട ജീവിതം… കണ്ണീരായി മലയാളി വ്യവസായിയുടെ ജീവിതം!

ഒരുകാലത്ത് ഷാർജയിലെ പ്രമുഖ മലയാളി വ്യവസായികളിലൊരാളായിരുന്നു കൊല്ലം കൊട്ടാരക്കര സ്വദേശി പയനീർ രവീന്ദ്രൻ പിള്ള. കോടികളുടെ ബിസിനസ് സാമ്രാജ്യം, നിരവധി സ്ഥാപനങ്ങൾ, 150-ലേറെ ജീവനക്കാർ… പ്രവാസലോകത്ത് സ്വന്തമായൊരു ഇടം കണ്ടെത്തിയ അദ്ദേഹത്തിന്റെ ജീവിതം ഇന്ന് ദുരിതങ്ങളുടെ നടുവിലാണ്. 72-ാം വയസ്സിൽ ഷാർജയിലെ ചെറിയൊരു മുറിയിൽ കഴിയുന്ന രവീന്ദ്രൻ പിള്ളയ്ക്ക് മുന്നിലുള്ളത് ചികിത്സയ്ക്കും നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കുമുള്ള വഴികൾ തേടിയുള്ള നിസ്സഹായത. ഷാർജയിലെ ആദ്യകാല പാചകവാതക ഏജൻസികളിലൊന്നിന്റെ ഉടമയായിരുന്നു അദ്ദേഹം. ഗൾഫിലെ ബിസിനസ് വിജയത്തിന് പിന്നാലെ നാട്ടിലും കെട്ടിടങ്ങൾ സ്വന്തമാക്കുകയും ബസ് സർവീസ്, ടിപ്പർ ലോറി തുടങ്ങിയ മേഖലകളിലേക്ക് സംരംഭങ്ങൾ വ്യാപിപ്പിക്കുകയും ചെയ്തു. സ്ഥാപനങ്ങളിൽ 150-ലേറെ ജീവനക്കാർ ജോലി ചെയ്തിരുന്നു. തൊഴിലാളികളുടെ സന്തോഷങ്ങളിലും പ്രയാസങ്ങളിലും ഒപ്പംനിന്നിരുന്ന ഒരു സംരംഭകനെന്ന നിലയിലും അദ്ദേഹം അറിയപ്പെട്ടു.

എന്നാൽ കോവിഡ് മഹാമാരി ജീവിതത്തിന്റെ ഗതി മാറ്റി. ആഗോള വ്യാപാരമേഖലയിലുണ്ടായ തകർച്ച ഷാർജയിലെ അദ്ദേഹത്തിന്റെ പാചകവാതക ബിസിനസിനെയും ബാധിച്ചു. സാമ്പത്തിക ബാധ്യതകൾ വർധിച്ചതോടെ സമ്പാദ്യവും സ്ഥാപനങ്ങളുമെല്ലാം നഷ്ടമായി. 2020-ഓടെ ജീവിതം പൂർണമായും തകർന്നു. ഒരുകാലത്ത് ചുറ്റും സഹായികളുണ്ടായിരുന്ന അദ്ദേഹത്തെ പ്രതിസന്ധി ഘട്ടത്തിൽ പലരും കൈവിട്ടു. ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതോടെ ഒരിക്കൽ ഷാർജയിലെ റോഡരികിൽ കുഴഞ്ഞുവീണു. തുടർന്ന് മാസങ്ങളോളം കുവൈത്തി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. ആശുപത്രി വിട്ടപ്പോൾ എങ്ങോട്ട് പോകണമെന്നറിയാത്ത അവസ്ഥയിലായിരുന്ന അദ്ദേഹത്തെ പരിചയക്കാർ ഷാർജ ഇന്ത്യൻ അസോസിയേഷനിലെത്തിച്ചു. അസോസിയേഷന്റെ ഇടപെടലിലൂടെയാണ് ഖാദിസിയയിൽ താമസസൗകര്യം ലഭിച്ചത്. ഇപ്പോൾ ഒരു മലയാളി വനിതയുടെ കാരുണ്യത്തിലാണ് ജീവിതം മുന്നോട്ടുപോകുന്നത്.

വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം ആവശ്യമായ ചികിത്സയ്ക്കുള്ള പണമില്ലാത്തതും ഇൻഷുറൻസ് പരിരക്ഷയില്ലാത്തതും പ്രതിസന്ധി വർധിപ്പിക്കുന്നു. 2018-ൽ കാലാവധി കഴിഞ്ഞ വീസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അദ്ദേഹത്തിന് മുന്നിലുണ്ട്. പഴയ സ്ഥാപനത്തിന്റെ കെട്ടിട ഉടമയ്ക്ക് നൽകാനുള്ള 40,000 ദിർഹം വാടകക്കുടിശ്ശിക സംബന്ധിച്ച കേസും നാട്ടിലേക്ക് മടങ്ങുന്നതിന് തടസ്സമായിരിക്കുകയാണ്. നാട്ടിലെത്തിയാൽ സ്വീകരിക്കാൻ ഭാര്യയും മൂന്ന് ആൺമക്കളും തയ്യാറാണ്. എന്നാൽ അതിനായി ആദ്യം യുഎഇയിലെ നിയമപ്രശ്നങ്ങൾ പരിഹരിക്കണം. ഒരുകാലത്ത് നൂറുകണക്കിന് ആളുകൾക്ക് തൊഴിലും താങ്ങും നൽകിയിരുന്ന പ്രവാസി വ്യവസായി ഇന്ന് സ്വന്തം ജീവിതം തിരിച്ചുപിടിക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണ്. നാട്ടിലേക്ക് മടങ്ങി വിദഗ്ധ ചികിത്സ നേടാൻ സാമൂഹിക പ്രവർത്തകരുടെയും ഇന്ത്യൻ കോൺസുലേറ്റിന്റെയും ഇടപെടലാണ് ഇനി പ്രതീക്ഷ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version