പ്രവാസലോകത്തെ തീരാക്കണ്ണീരിലാഴ്ത്തി മഹാദുരന്തം! 41 പേർ സഞ്ചരിച്ച ബസ് ട്രക്കിലിടിച്ച് 13 മരണം; നെഞ്ചുപിടഞ്ഞ് പ്രവാസി കുടുംബങ്ങൾ

Pravasi bus tragedy; ജീവിതസ്വപ്നങ്ങൾക്ക് നിറം പകരാൻ ഒമാനിൽ പോയി സന്ദർശക വിസ മാറ്റി പുതിയ പ്രതീക്ഷകളുമായി യുഎഇയിലേക്ക് മടങ്ങിയ പ്രവാസികളുടെ സ്വപ്നങ്ങളാണ് റാസൽഖൈമയിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ പൊലിഞ്ഞത്. ചൊവ്വാഴ്ച പുലർച്ചെ അൽ വതൻ റോഡിലുണ്ടായ ഈ മഹാദുരന്തത്തിൽ 13 പേരാണ് മരിച്ചത്. മലയാളി ഉടമസ്ഥതയിലുള്ള ബസിൽ ആകെ 41 പേരായിരുന്നു യാത്രക്കാർ. യന്ത്രത്തകരാർ മൂലം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ 26 പേർക്ക് പരുക്കേറ്റതായി നാഷനൽ ആംബുലൻസ് സ്ഥിരീകരിച്ചു. അപകടത്തിൽ മരിച്ചവരിൽ ഇന്ത്യൻ പൗരന്മാരുമുണ്ടെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ദുരന്തത്തിനിരയായവരിൽ നിരവധി മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രാദേശിക അധികൃതരുമായി ചേർന്ന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നുണ്ടെന്നും കോൺസുലേറ്റ് വ്യക്തമാക്കി. എന്നാൽ, മരിച്ചവരുടെയോ പരുക്കേറ്റവരുടെയോ ഔദ്യോഗിക പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിടാത്തത് പ്രവാസലോകത്തെ കടുത്ത ആശങ്കയുടെ മുൾമുനയിൽ നിർത്തുകയാണ്.

ബസിൽ യാത്ര ചെയ്തിരുന്ന തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആപത്തൊന്നും സംഭവിക്കരുതേ എന്ന പ്രാർഥനയോടെ അല്പം പോലും ഉറങ്ങാനാകാതെ കഴിയുകയാണ് ഒട്ടേറെ കുടുംബങ്ങളും സുഹൃത്തുക്കളും. അപകട വാർത്ത അറിഞ്ഞത് മുതൽ ഉറ്റവരെക്കുറിച്ചുള്ള വിവരങ്ങൾ തേടി പ്രവാസികൾ റാസൽഖൈമയിലെ ആശുപത്രികളിലേക്ക് ഓടിയെത്തുകയാണ്. സന്ദർശക വിസ മാറ്റാനായി പോയ കണ്ണൂർ മട്ടന്നൂർ സ്വദേശി പുതിയകാവിൽ ഹേമന്ദ് (29) ഏതെങ്കിലും ആശുപത്രിയിൽ ചികിത്സയിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും പ്രാർഥനയോടെ കാത്തിരിക്കുന്നത്. ദുബായിൽ കഴിയുന്ന ഖാലിദ് തന്റെ സഹോദരൻ റാഷിദിന്റെ ഒരു വാക്ക് കേൾക്കാനായി നെഞ്ചുപൊട്ടി കാത്തിരിക്കുകയാണ്. ഒരു മാസത്തോളം ജോലി അന്വേഷിച്ചിട്ടും ഒന്നും ശരിയാകാതെ വന്നതോടെയാണ് വിസ പുതുക്കുന്നതിനായി റാഷിദ് ഒമാനിലേക്ക് പോയത്. ചൊവ്വാഴ്ച രാത്രി തിരിച്ചെത്തേണ്ടിയിരുന്ന സഹോദരന്റെ ഫോണിലേക്ക് അയച്ച സന്ദേശങ്ങൾക്ക് മറുപടി ലഭിക്കാതായതോടെ ഖാലിദ് ആകെ തളർന്നുപോയി. രാവിലെ യാത്രാ ഏജൻസിയിൽ നിന്നാണ് ദുരന്തവാർത്ത അറിഞ്ഞത്. സഹോദരൻ സുരക്ഷിതനായി എവിടെയെങ്കിലും ഉണ്ടാകുമെന്ന ഉറച്ച പ്രാർഥനയോടെ ആശുപത്രികൾ തോറും കയറിയിറങ്ങുകയാണ് ഈ യുവാവ്.

അപകടസ്ഥലത്തുണ്ടായിരുന്ന 26 പേർക്കും നാഷനൽ ആംബുലൻസ് സംഘം അടിയന്തര വൈദ്യസഹായം നൽകി. ഇതിൽ ഗുരുതരമായി പരുക്കേറ്റ 14 പേരെ ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമങ്ങളുടെ ഭാഗമായി വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. റാസൽഖൈമ പൊലീസിന്റെ പൂർണ ഏകോപനത്തിൽ 16 ആംബുലൻസുകളും അഞ്ച് ഫസ്റ്റ് റെസ്‌പോണ്ടർ വാഹനങ്ങളും ദുബായ് ആംബുലൻസ് സർവീസിന്റെ സഹായത്തോടെയുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദാരുണ സംഭവത്തിൽ നാഷനൽ ആംബുലൻസ് അതോറിറ്റി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും കർശന നിയമനടപടികൾ സ്വീകരിക്കാനുമായി കേസ് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. അപകടത്തിന് കാരണമായി റോഡിൽ കിടന്നിരുന്ന ട്രക്കിന്റെ ഡ്രൈവർ നിലവിൽ ആശുപത്രിയിൽ പ്രീ-ട്രയൽ പൊലീസ് കസ്റ്റഡിയിലാണ്. ഡ്രൈവർമാർ റോഡുകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങൾ വ്യാജവാർത്തകളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കരുതെന്നും പൊലീസ് അഭ്യർഥിച്ചു. ഫുജൈറയിൽ 14 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് വെറും 12 ദിവസത്തിന് ശേഷമാണ് യുഎഇയെ വീണ്ടും തീരാക്കണ്ണീരിലാഴ്ത്തി റാസൽഖൈമയിൽ മറ്റൊരു ദുരന്തമുണ്ടായത്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ദുരന്തത്തിനിരയായവരുടെ പേരുവിവരങ്ങളും റാസൽഖൈമ അധികൃതരും ഇന്ത്യൻ കോൺസുലേറ്റും ഇന്ന് പുറത്തുവിടുമെന്നാണ് കരുതുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version