
IndiGo baggage issue Sharjah; തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരെ ദുരിതത്തിലാക്കി വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയെന്ന് പരാതി. 21-ന് വൈകിട്ട് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനത്തിലെ നിരവധി യാത്രക്കാരുടെ ചെക്ക്-ഇൻ ലഗേജുകൾ ഷാർജയിലെത്തിയപ്പോൾ ലഭിക്കാതിരുന്നതാണ് വൻ പ്രതിസന്ധി സൃഷ്ടിച്ചത്. വസ്ത്രങ്ങൾ, അത്യാവശ്യ മരുന്നുകൾ, പ്രധാനപ്പെട്ട രേഖകൾ തുടങ്ങിയവ യഥാസമയം ലഭിക്കാതെ മലയാളികളടക്കമുള്ള ഒട്ടേറെ യാത്രക്കാർ കടുത്ത ദുരിതത്തിലായി. ഇതിനിടെ, ബാഗിലുണ്ടായിരുന്ന മരുന്ന് ലഭിക്കാത്തതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതായി ഒരു യാത്രക്കാരി പരാതിപ്പെട്ടതായും വിവരമുണ്ട്. വിമാനത്തിന്റെ ഭാരനിയന്ത്രണം കാരണം ചില ബാഗേജുകൾ മാറ്റി വെക്കുകയായിരുന്നു എന്നാണ് പ്രാഥമിക സൂചന. എന്നാൽ, ഇക്കാര്യം യാത്രക്കാരെ മുൻകൂട്ടി അറിയിക്കാൻ അധികൃതർ തയ്യാറായില്ലെന്നാണ് പ്രധാന ആക്ഷേപം. ഷാർജ വിമാനത്താവളത്തിൽ ലഗേജിനായി ഏറെനേരം കാത്തുനിന്നിട്ടും ലഭിക്കാതെ വന്നതോടെയാണ് യാത്രക്കാർ പരാതി നൽകിയതും ബാഗേജുകൾ തിരുവനന്തപുരത്ത് തന്നെ ശേഷിക്കുകയാണെന്ന് തിരിച്ചറിഞ്ഞതും. സംഭവത്തിൽ വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മാറ്റിവെച്ച ബാഗുകൾ മറ്റൊരു വിമാനത്തിൽ ഷാർജയിലെത്തിച്ച് യാത്രക്കാർക്ക് നേരിട്ട് കൈമാറുമെന്നായിരുന്നു കമ്പനി ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഈ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും, യാത്രക്കാർ വിമാനത്താവളത്തിൽ നേരിട്ടെത്തി ബാഗേജുകൾ കൈപ്പറ്റേണ്ടി വന്നതായും പരാതിയുണ്ട്. ഇതോടെ ഷാർജയിൽ നിന്ന് ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ലഗേജ് വാങ്ങാനായി ജോലിയിൽ നിന്ന് വീണ്ടും അവധിയെടുക്കേണ്ട സാഹചര്യമാണുണ്ടായത്.