
ഗൾഫിൽ ജോലി നഷ്ടപ്പെടുന്നത് പ്രവാസികളെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ്. പുതിയ ജോലി കണ്ടെത്താനാകുമോ, അതുവരെ താമസവിസ നിലനിർത്താനാകുമോ, വിസ റദ്ദാക്കിയാൽ ഉടൻ രാജ്യം വിടേണ്ടിവരുമോ തുടങ്ങി നിരവധി ആശങ്കകൾ ഇത്തരമൊരു സാഹചര്യത്തിൽ ഉണ്ടാകാറുണ്ട്. എന്നാൽ ജോലി നഷ്ടപ്പെട്ടാൽ ഉടൻ രാജ്യം വിടണമെന്നില്ല. വിസ റദ്ദാക്കിയശേഷം ഓരോ ഗൾഫ് രാജ്യവും നിശ്ചിത കാലയളവ് കൂടി അനുവദിക്കുന്നുണ്ട്. ഈ സമയത്തിനുള്ളിൽ പുതിയ ജോലി കണ്ടെത്തി വിസ നടപടികൾ പൂർത്തിയാക്കുകയോ രാജ്യം വിടുകയോ വേണം. രാജ്യവും വിസയുടെ വിഭാഗവും അനുസരിച്ച് ഈ സമയപരിധിയിൽ വ്യത്യാസമുണ്ട്.
യുഎഇ: 30 മുതൽ 180 ദിവസം വരെ
യുഎഇയിൽ ജോലി നഷ്ടപ്പെട്ട എല്ലാവർക്കും ഒരേ ഗ്രേസ് പിരീഡല്ല ലഭിക്കുന്നത്. താമസവിസ റദ്ദാക്കിയശേഷം വിസയുടെ വിഭാഗമനുസരിച്ച് 30, 60, 90, 180 ദിവസം വരെ രാജ്യത്ത് തുടരാൻ അവസരമുണ്ട്.
സാധാരണ താമസവിസയുള്ളവർക്ക് 30 ദിവസമാണ് ലഭിക്കുന്നത്. മറ്റ് ചില വിഭാഗങ്ങൾക്ക് 60, 90 ദിവസവും ഗോൾഡൻ, ഗ്രീൻ, ബ്ലൂ റെസിഡൻസി വിസകളുൾപ്പെടെയുള്ള പ്രത്യേക വിഭാഗങ്ങൾക്ക് 180 ദിവസം വരെയും അനുവദിക്കുന്നുണ്ട്. ഈ കാലയളവിനുള്ളിൽ പുതിയ ജോലി കണ്ടെത്തി ആവശ്യമായ വിസാ നടപടികൾ പൂർത്തിയാക്കണം. അല്ലെങ്കിൽ രാജ്യം വിടണം. അനുവദിച്ച സമയപരിധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്ക് പ്രതിദിനം 50 ദിർഹം പിഴ ലഭിക്കാം.
ഖത്തർ: 14 ദിവസം മാത്രം
ഖത്തറിൽ ജോലി നഷ്ടപ്പെടുന്നവർ വിസാ നടപടികളിൽ പ്രത്യേക ജാഗ്രത പുലർത്തണം. താമസാനുമതി റദ്ദാക്കുകയോ കാലാവധി അവസാനിക്കുകയോ ചെയ്താൽ 14 ദിവസത്തിനുള്ളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് റിപ്പോർട്ടുകൾ. 2026 ജൂണിൽ ഗ്രേസ് പിരീഡ് 30 ദിവസത്തിൽനിന്ന് 14 ദിവസമായി കുറച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സമയത്തിനുള്ളിൽ പുതിയ തൊഴിലുടമയിലേക്ക് മാറുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുകയോ രാജ്യം വിടുകയോ വേണം. കാലാവധി കഴിഞ്ഞും തുടരുന്നവർക്ക് പ്രതിദിനം 10 ഖത്തർ റിയാൽ പിഴ ചുമത്താം.
സൗദി അറേബ്യ: ചിലർക്ക് 60 ദിവസം
സൗദിയിൽ ജോലി നഷ്ടപ്പെട്ട എല്ലാവർക്കും ഒരേ രീതിയിലുള്ള ഗ്രേസ് പിരീഡ് ലഭിക്കുമെന്ന് കരുതരുത്. തൊഴിൽബന്ധം അവസാനിക്കുന്ന സാഹചര്യത്തിൽ ചില തൊഴിലാളികളുടെ സ്റ്റാറ്റസ് ‘വർക്ക് ഡിസ്കണ്ടിന്യൂഡ്’ എന്ന നിലയിലേക്ക് മാറാം. ഇത്തരം ചില സാഹചര്യങ്ങളിൽ പുതിയ തൊഴിലുടമയിലേക്ക് മാറുന്നതിനോ നിയമപരമായ മറ്റ് നടപടികൾ പൂർത്തിയാക്കുന്നതിനോ 60 ദിവസം ലഭിക്കും. സമയപരിധിക്കുള്ളിൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇഖാമ, തൊഴിൽപദവി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടേണ്ടിവരും. അതിനാൽ ഖിവ (Qiwa) പ്ലാറ്റ്ഫോം വഴി സ്വന്തം തൊഴിൽനില പരിശോധിക്കുന്നത് പ്രധാനമാണ്.
ബഹ്റൈൻ: 30 ദിവസത്തിനകം തീരുമാനമെടുക്കണം
ബഹ്റൈനിൽ വർക്ക് പെർമിറ്റ് റദ്ദാക്കിയാൽ 30 ദിവസത്തിനുള്ളിൽ രാജ്യം വിടുകയോ പുതിയ തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയോ വേണം. പഴയ പെർമിറ്റ് റദ്ദാക്കിയ തീയതിയും പുതിയ പെർമിറ്റിനുള്ള നടപടികളും കൃത്യമായി പരിശോധിക്കേണ്ടതുണ്ട്.
കുവൈത്തിലും ഒമാനിലും എന്താണ് സ്ഥിതി?
കുവൈത്തിലും ഒമാനിലും ജോലി നഷ്ടപ്പെടുന്ന എല്ലാവർക്കും ഒരേ സമയപരിധി ബാധകമല്ല. വിസയുടെ വിഭാഗം, തൊഴിൽബന്ധത്തിന്റെ നിലവിലെ സ്ഥിതി, റദ്ദാക്കൽ നടപടികൾ എന്നിവ അനുസരിച്ച് അനുവദിക്കുന്ന കാലയളവിൽ വ്യത്യാസമുണ്ടാകാം. അതിനാൽ ബന്ധപ്പെട്ട തൊഴിൽ, ഇമിഗ്രേഷൻ അധികൃതരിൽനിന്ന് കൃത്യമായ വിവരങ്ങൾ തേടണം.
പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ജോലി അവസാനിച്ച തീയതിയും വിസ റദ്ദാക്കിയ തീയതിയും വ്യത്യസ്തമായിരിക്കാം.
- വിസ റദ്ദാക്കിയശേഷം അനുവദിച്ചിരിക്കുന്ന അവസാന തീയതി ഉറപ്പാക്കണം.
- പുതിയ ജോലി ലഭിച്ചാൽ വർക്ക് പെർമിറ്റ്, താമസാനുമതി തുടങ്ങിയ നടപടികൾ പൂർത്തിയാക്കണം.
- വിസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നത് പിഴയ്ക്ക് കാരണമാകാം.
- ശമ്പള കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം.
- തൊഴിലുടമയുമായി തർക്കമുണ്ടെങ്കിൽ ബന്ധപ്പെട്ട തൊഴിൽ മന്ത്രാലയത്തിന്റെ സഹായം തേടണം.
ജോലി നഷ്ടപ്പെട്ടതിന്റെ ആശങ്കയ്ക്കൊപ്പം വിസാ കാലാവധി സംബന്ധിച്ച അനിശ്ചിതത്വവും പ്രവാസികളെ പ്രതിസന്ധിയിലാക്കാറുണ്ട്. അതിനാൽ ഓരോ രാജ്യത്തെയും നിയമങ്ങൾ മനസ്സിലാക്കുകയും ഔദ്യോഗിക സംവിധാനങ്ങൾ വഴി വിസാ സ്റ്റാറ്റസ് പരിശോധിക്കുകയും ചെയ്യുന്നതാണ് സുരക്ഷിതം.