യുഎഇയിൽ നഷ്ടപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതുമായ സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ പുതിയ ചട്ടങ്ങൾ

Sharjah Consultative Council; എമിറേറ്റിൽ നഷ്ടപ്പെട്ട വസ്തുക്കളും ഉപേക്ഷിക്കപ്പെട്ട സ്വത്തുക്കളും പണവും കൈകാര്യം ചെയ്യുന്നതിന് വ്യക്തമായ നിയമ ചട്ടക്കൂട് ഏർപ്പെടുത്തുന്ന പുതിയ കരട് നിയമത്തിന് ഷാർജ കൺസൾട്ടേറ്റീവ് കൗൺസിൽ (SCC) അംഗീകാരം നൽകി. കണ്ടെത്തുന്ന വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുക, ഉടമകളെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കുക, അവകാശികളില്ലാത്ത സ്വത്തുക്കൾ നിയമാനുസൃതമായി കൈകാര്യം ചെയ്യുക തുടങ്ങിയ വ്യവസ്ഥകളോടെയാണ് പുതിയ നിയമം വരുന്നത്. വിശദമായ ചർച്ചകൾക്കും ഭേദഗതികൾക്കും ശേഷമാണ് കൗൺസിൽ ബില്ലിന് അംഗീകാരം നൽകിയത്. ഉടമസ്ഥരില്ലാതെ കണ്ടെത്തുന്ന പണവും വസ്തുക്കളും സ്വീകരിക്കൽ, ഔദ്യോഗികമായി രേഖപ്പെടുത്തൽ, സൂക്ഷിക്കൽ, ഒടുവിൽ അവ വിനിയോഗിക്കൽ തുടങ്ങിയ കാര്യങ്ങൾ കൃത്യമായി നിയന്ത്രിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, ഇത്തരം നടപടികളിൽ നിന്നുള്ള സാമ്പത്തിക വരുമാനം ഷാർജ സർക്കാരിന്റെ ട്രഷറി അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിനുള്ള സംവിധാനവും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് സാമ്പത്തിക സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തും. നിലവിൽ ഷാർജ പൊലീസും മറ്റ് സർക്കാർ വകുപ്പുകളും നടത്തുന്ന നടപടിക്രമങ്ങൾക്ക് കൂടുതൽ നിയമപരമായ വ്യക്തത നൽകാനും സ്വത്തുടമകളുടെ അവകാശങ്ങൾ പൂർണ്ണമായി സംരക്ഷിക്കാനും ഈ നിയമം വഴിയൊരുക്കുമെന്ന് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും ഷാർജ പൊലീസ് കമാൻഡർ-ഇൻ-ചീഫുമായ ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ വ്യക്തമാക്കി. യുഎഇക്ക് അകത്തും പുറത്തുമുള്ള ഉടമകളുമായി ബന്ധപ്പെട്ട് അവരുടെ സ്വത്തവകാശങ്ങൾ ഉറപ്പാക്കാൻ ഇത് പ്രത്യേക വകുപ്പിനെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വത്തുടമകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം പൊതുതാൽപര്യം മുൻനിർത്തി ബന്ധപ്പെട്ട വകുപ്പുകളുടെ ഉത്തരവാദിത്തങ്ങളും അധികാരങ്ങളും വ്യക്തമായി നിർവചിക്കാൻ ഈ നിയമത്തിന് സാധിക്കുമെന്ന് ഷാർജ ഗവൺമെന്റ് ലീഗൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കൗൺസിലർ ആയിഷ മുഹമ്മദ് ഹാസിം അൽ സുവൈദി പറഞ്ഞു. ഷാർജ കൺസൾട്ടേറ്റീവ് കൗൺസിൽ ചെയർപേഴ്സൺ ഹലീമ ഹുമൈദ് അൽ ഉവൈസിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിലിന്റെ പതിനൊന്നാമത് ലെജിസ്ലേറ്റീവ് ടേമിലെ രണ്ടാം ജനറൽ സെഷനിലാണ് കരട് ബിൽ അവതരിപ്പിച്ചത്. പബ്ലിക് യൂട്ടിലിറ്റീസ് അഫയേഴ്സ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓരോ വകുപ്പും പ്രത്യേകം ചർച്ച ചെയ്ത ശേഷമാണ് ബില്ലിന് കൗൺസിൽ അന്തിമ അംഗീകാരം നൽകിയത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *