
Dubai RTA AI Strategy; ദുബായ് നഗരത്തിലെ ഗതാഗത സംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാനും യാത്രക്കാരുടെ സമയം ലാഭിക്കാനുമായി ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ (AI) ഉപയോഗിച്ച് പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). പുതിയ എഐ തന്ത്രത്തിലൂടെ ഗതാഗതക്കുരുക്ക് 3 മുതൽ 5 ശതമാനം വരെയും, പുതിയ ഡ്രൈവർമാർ ഉൾപ്പെടുന്ന അപകടങ്ങൾ 10 മുതൽ 20 ശതമാനം വരെയും കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം. ആർ.ടി.എ ഡയറക്ടർ ജനറൽ മത്തർ അൽ തായർ ആണ് ഈ പദ്ധതികൾ പ്രഖ്യാപിച്ചത്. സർക്കാർ സേവനങ്ങൾ വേഗത്തിലാക്കാനും താമസക്കാരുടെയും സന്ദർശകരുടെയും യാത്രകൾ എളുപ്പമാക്കാനും പദ്ധതി സഹായിക്കും. 41 മേഖലകളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ വാഹന ലൈസൻസിംഗ്, ട്രാഫിക്, പൊതുഗതാഗതം, കസ്റ്റമർ ഹാപ്പിനെസ്സ് തുടങ്ങിയ 11 പ്രധാന മേഖലകൾക്കാണ് മുൻഗണന നൽകുന്നത്.
- സർവീസ് കേന്ദ്രങ്ങളിലെ കാത്തിരിപ്പ് സമയം 14-16 ശതമാനവും, സേവന സമയം 15-20 ശതമാനവും കുറയ്ക്കും.
- രണ്ടര വർഷത്തിനുള്ളിൽ 40 എഐ ഉൽപ്പന്നങ്ങൾ വികസിപ്പിക്കും. ഇതിൽ 11 എണ്ണം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.
- വർഷത്തിൽ 300 ദശലക്ഷം ദിർഹത്തിലധികം സാമ്പത്തിക മൂല്യം സൃഷ്ടിക്കാൻ പദ്ധതിക്ക് സാധിക്കുമെന്ന് ആർ.ടി.എ കണക്കുകൂട്ടുന്നു.
ജനപ്രിയ ചാറ്റ്ബോട്ട് ആയ ‘മഹ്ബൂബ്’ കൂടുതൽ സ്മാർട്ടാകും. നിലവിൽ വിവരങ്ങൾ നൽകുന്ന മഹ്ബൂബ്, ഭാവിയിൽ ഉപഭോക്താക്കൾക്ക് ആപ്പ് വഴിയും വാട്സാപ്പ് വഴിയും ഇടപാടുകൾ പൂർത്തിയാക്കാൻ സഹായിക്കും. യുഎഇ പാസ്, ദുബായ് പേ എന്നിവയുമായി ബന്ധിപ്പിച്ചതോടെ വാഹന സംബന്ധമായ സേവനങ്ങൾ വെറും അഞ്ച് മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. ഇതുകൂടാതെ ഇലക്ട്രോണിക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ നൽകുന്ന രീതിയും എഐ വഴി കൂടുതൽ സുഗമമാക്കും. ബസ് നെറ്റ്വർക്കുകളെ കൂടുതൽ കാര്യക്ഷമമാക്കാൻ എഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ‘ബസ് നെറ്റ്വർക്ക് പ്ലാനർ’ അവതരിപ്പിക്കും. ഇത് ബസ് സർവീസുകളുടെ കൃത്യത 10 ശതമാനം വരെ മെച്ചപ്പെടുത്താനും സർവീസ് മാറ്റങ്ങൾ വേഗത്തിലാക്കാനും സഹായിക്കും. ആർ.ടി.എയിലെ ഉദ്യോഗസ്ഥർക്ക് മൈക്രോസോഫ്റ്റ് കോപൈലറ്റ് പോലുള്ള നൂതന സാങ്കേതികവിദ്യകൾ നൽകി ജോലി കൂടുതൽ കാര്യക്ഷമമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ദുബായിയെ ആഗോളതലത്തിൽ സ്മാർട്ട് ഗതാഗത സംവിധാനങ്ങളുടെ കേന്ദ്രമാക്കി മാറ്റാനുള്ള സർക്കാരിന്റെ ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്നതാണ് ഈ പുതിയ നീക്കങ്ങൾ. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t