തണുത്തുവിറച്ച് യുഎഇ: ഈ എമിറേറ്റില്‍ സീസണിലെ ഏറ്റവും കുറഞ്ഞ താപനില

അബുദാബി: യുഎഇയിൽ ശരത്കാലം ശക്തി പ്രാപിച്ചതോടെ താപനില വീണ്ടും താഴേക്ക്. രാജ്യത്താകമാനം പുലർച്ചെകളിൽ തണുപ്പേറിയതോടെ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വീണ്ടും ഔട്ട്ഡോർ വിനോദങ്ങൾക്കും സജീവമായ യാത്രാ ദിനങ്ങൾക്കും കളമൊരുങ്ങിയിരിക്കുകയാണ്. ഒക്ടോബർ 26-ന് പുലർച്ചെ മൂന്നിന് റാസൽഖൈമയിലെ മേബ്ര പർവതനിരയിൽ രേഖപ്പെടുത്തിയ 16.9 ഡിഗ്രി സെൽഷ്യസാണ് ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബർ 28-ന് അൽ ഐനിലെ റക്നയിൽ 18.6 ഡിഗ്രി രേഖപ്പെടുത്തിയ ശേഷം ആദ്യമായാണ് രാജ്യത്ത് താപനില ഇത്രയും താഴുന്നത്. ശരത്കാലത്തിലേക്ക് പൂർണമായും കടന്നതോടെ വരുംദിവസങ്ങളിൽ കാലാവസ്ഥ കൂടുതൽ തെളിച്ചമുള്ളതും നേരിയ തണുപ്പുള്ളതുമായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. രാജ്യത്തെ നിലവിലെ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് എൻസിഎം നൽകുന്ന പ്രധാന വിവരങ്ങൾ: രാജ്യത്തിന്റെ ഉത്തരാഞ്ചലിലും കിഴക്കൻ മേഖലകളിലും മഴമേഘങ്ങൾ രൂപപ്പെടാനും ചെറിയ തോതിൽ മഴ ലഭിക്കാനും സാധ്യതയുണ്ട്. പൊതുവേ തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെങ്കിലും ചിലയിടങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കും. തണുപ്പ് ആസ്വദിക്കാനായി വാരാന്ത്യങ്ങളിലും പുലർച്ചെകളിലും പർവത മേഖലകളിലേക്കും മരുഭൂമികളിലേക്കും എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *