ഷാർജ: അധ്വാനത്തിന്റെയും ത്യാഗത്തിന്റെയും മുപ്പത് വർഷങ്ങൾ എമിറേറ്റ്സിന്റെ മണ്ണിൽ ചെലവഴിച്ച ഒരു സാധാരണ പ്രവാസിയുടെ ജീവിതത്തിലേക്ക് അവിശ്വസനീയമായ ഭാഗ്യദേവതയുടെ കടന്നുവരവ്. തന്റെ 60-ാം പിറന്നാളിന് വെറും അഞ്ച് ദിവസം മാത്രം ശേഷിക്കെ, കിഷോർ പാണ്ഡുരംഗ് റാവു എന്ന പ്രവാസിയെ തേടിയെത്തിയത് യുഎഇ ലോട്ടറിയുടെ 50 ലക്ഷം ദിർഹം (ഏകദേശം 12.95 കോടിയിലധികം ഇന്ത്യൻ രൂപ) ഭാഗ്യസമ്മാനമാണ്. ജീവിതത്തിലെ ഏറ്റവും വലിയൊരു നാഴികക്കല്ലിലേക്ക് കടക്കുന്നതിന് തൊട്ടുമുൻപ് ലഭിച്ച ഈ മാന്ത്രിക വിജയം കിഷോറിന് സാമ്പത്തിക ഭദ്രത മാത്രമല്ല, വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന വലിയ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള അവസരവുമാണ് നൽകിയത്. 1993-ലാണ് കിഷോർ ആദ്യമായി യുഎഇയിൽ എത്തുന്നത്. ദുബായ്, അജ്മാൻ, ഷാർജ, അബുദാബി തുടങ്ങിയ എമിറേറ്റുകളിലായി മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസി പരിചയമുള്ള അദ്ദേഹം നിലവിൽ ഷാർജയിലാണ് താമസിക്കുന്നത്. ഒക്ടോബർ 8-നായിരുന്നു കിഷോറിന്റെ 60-ാം പിറന്നാൾ. അതിന് തൊട്ടുമുൻപുള്ള ഒക്ടോബർ 3-ലെ നറുക്കെടുപ്പിലാണ് ഈ ഭാഗ്യം അദ്ദേഹത്തെ തേടിയെത്തിയത്. കേവലം 50 ദിർഹം മാത്രം മുടക്കി യുഎഇ ലോട്ടറി പ്ലാറ്റ്ഫോം വഴി ‘ഈസി പിക്ക്’ (Easy Pick) ഓപ്ഷനിലൂടെ എടുത്ത ടിക്കറ്റായിരുന്നു അത്. ശനിയാഴ്ച വൈകിട്ട് തത്സമയം നടന്ന നറുക്കെടുപ്പിൽ ‘ലക്കി ഡേ’ ഗെയിമിന്റെ ‘ഡേയ്സ്’ വിഭാഗത്തിലെ ആറ് നമ്പറുകളും കിഷോർ തിരഞ്ഞെടുത്ത ടിക്കറ്റുമായി കൃത്യമായി ഒത്തുചേർന്നു. ലോട്ടറി ചരിത്രത്തിൽ ലക്കി ഡേ ഗെയിം രാജ്യവ്യാപകമായി അവതരിപ്പിച്ച ശേഷമുള്ള ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുകയാണ് ഇദ്ദേഹം സ്വന്തമാക്കിയത്. 50 ലക്ഷം ദിർഹം അക്കൗണ്ടിലെത്തിയ വിവരം അറിഞ്ഞപ്പോഴും കിഷോർ പരിഭ്രാന്തനായില്ല. സന്തോഷ വാർത്ത ആദ്യം ആരോടും പറയാതെ സ്വയം അനുഭവിച്ചറിഞ്ഞ ശേഷമാണ് അദ്ദേഹം തന്റെ പ്രിയപ്പെട്ടവരോട് കാര്യം തുറന്നുപറഞ്ഞത്. “ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും ഞങ്ങൾ ഒരുമിച്ചാണ് അനുഭവിച്ചത്. അതുകൊണ്ടുതന്നെ, ഇത്തരമൊരു വലിയ സന്തോഷം വരുമ്പോൾ അത് ആദ്യം പങ്കുവയ്ക്കേണ്ടത് എന്റെ ഭാര്യയോടും മക്കളോടുമാണ്.” – കിഷോർ. പല പ്രവാസികളെയും പോലെ കിഷോറിന്റെ മനസ്സിലും കുറേക്കാലമായി ഉണ്ടായിരുന്ന വലിയൊരു ആഗ്രഹമായിരുന്നു യുഎഇ ഗോൾഡൻ വീസ. തനിക്ക് എപ്പോഴെങ്കിലും ഒരു ഗോൾഡൻ വീസ ലഭിക്കുമെന്ന് സുഹൃത്തുക്കളോട് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. ആ സ്വപ്നം സ്വന്തമാക്കാനുള്ള വഴിയാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. എന്നാൽ, ഇതിനെക്കാളൊക്കെ ഉപരിയായി 60-ാം വയസ്സിലേക്ക് കടക്കുമ്പോൾ കിഷോറിനെ ആവേശം കൊള്ളിക്കുന്നത് ലോകസഞ്ചാരമാണ്. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ മാറ്റിവയ്ക്കേണ്ടി വന്ന യാത്രാ സ്വപ്നങ്ങൾക്ക് ചിറക് വയ്ക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. യാത്രാപ്രേമിയായ ഭാര്യയെയും കൂട്ടി ഇതുവരെ കാണാത്ത രാജ്യങ്ങളും കാഴ്ചകളും കണ്ടുതീർക്കാനും, വർഷങ്ങളായി ജോലി ആവശ്യങ്ങൾക്കായി വേർപിരിഞ്ഞു ജീവിച്ചിരുന്ന കുടുംബത്തെ യുഎഇയിൽ ഒന്നിച്ച് ചേർക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.
Home
UAE
ഗോൾഡൻ വിസയും ലോകസഞ്ചാരവും ഇനി സ്വപ്നമല്ല; 60-ാം പിറന്നാളിന് മുൻപ് പ്രവാസിക്ക് കോടികളുടെ ഭാഗ്യസമ്മാനം