
വിദേശജോലിയും വീസയും വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രതാ നിർദേശവുമായി യുഎഇയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും. സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങൾ വഴി മൂന്നാം രാജ്യങ്ങളിലേക്ക് തൊഴിൽ വീസയും താമസ വീസയും വാഗ്ദാനം ചെയ്യുന്ന ചില ഏജൻസികൾക്കെതിരെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. വീസയും കുടിയേറ്റവുമായി ബന്ധപ്പെട്ട സേവനങ്ങൾ വാഗ്ദാനം ചെയ്ത് അപേക്ഷകരിൽനിന്ന് പണം ഈടാക്കിയശേഷം സേവനം നൽകാതിരിക്കുകയും തുക തിരികെ നൽകാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങളാണ് ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തുനിന്ന് പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസികളുടെ പരസ്യങ്ങൾ വിശ്വസിക്കുന്നതിൽ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.
പണം നൽകിയാൽ വീസ ഉറപ്പാണോ? സൂക്ഷിക്കുക!
പണം നൽകിയാൽ വീസ ഉറപ്പാക്കാമെന്ന ഏജൻസികളുടെ വാഗ്ദാനങ്ങളിൽ വീഴരുത്. വീസ അനുവദിക്കാനുള്ള അധികാരം ബന്ധപ്പെട്ട രാജ്യത്തെ സർക്കാരിനാണെന്നും ഒരു സ്വകാര്യ ഏജൻസിക്കും വീസ ഉറപ്പുനൽകാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി. വീസയുടെ നിബന്ധനകൾ, അപേക്ഷാ നടപടികൾ, തൊഴിൽ-താമസ അനുമതികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ അറിയാൻ ബന്ധപ്പെട്ട രാജ്യത്തിന്റെ ഔദ്യോഗിക സർക്കാർ വെബ്സൈറ്റുകളെയോ എംബസികളെയോ കോൺസുലേറ്റുകളെയോ നേരിട്ട് സമീപിക്കണം. സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളെയോ സ്ഥിരീകരിക്കാത്ത വിവരങ്ങളെയോ മാത്രം ആശ്രയിക്കരുതെന്നും മുന്നറിയിപ്പുണ്ട്.
വിദേശത്ത് ജോലി തേടുന്നവരും വീസ നടപടികൾക്കായി ഏജൻസികളെ സമീപിക്കുന്നവരും പണം കൈമാറുന്നതിന് മുമ്പ് സേവനത്തിന്റെ വിശ്വാസ്യതയും ഔദ്യോഗിക അംഗീകാരവും ഉറപ്പുവരുത്തണം. വ്യാജ വാഗ്ദാനങ്ങളിൽ കുടുങ്ങാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ അധികൃതർ ഓർമിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t