
Uae bank refund credit card; കസ്റ്റമർ ഈടാക്കിയ പലിശയ്ക്കും ഫീസുകൾക്കും കൃത്യമായ രേഖകൾ ഹാജരാക്കാൻ സാധിക്കാത്തതിനെ തുടർന്ന് യുഇഎയിൽ ബാങ്കിന് തിരിച്ചടി. ഉപഭോക്താവിന്റെ ക്രെഡിറ്റ് കാർഡ് കടങ്ങൾ പൂർണ്ണമായി എഴുതിത്തള്ളാനും, അക്കൗണ്ട് ക്ലോസ് ചെയ്ത് 92,854 ദിർഹം തിരികെ നൽകാനും അബുദാബി കോടതി ഉത്തരവിട്ടു. ചുമത്തിയ പലിശയും ഫീസും നിയമപരമാണെന്ന് തെളിയിക്കാൻ ആവശ്യമായ രേഖകൾ ഹാജരാക്കാൻ സാധിക്കാത്തതിനെ തുടർന്ന്, ഉപഭോക്താവിന് 92,854 ദിർഹം തിരികെ നൽകാനും അദ്ദേഹത്തിന്റെ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്യാനും അബുദാബി കോടതി ബാങ്കിന് ഉത്തരവ് നൽകി. ഉപഭോക്താവിന് കാർഡിൽ മറ്റ് കടബാധ്യതകൾ ഒന്നുമില്ലെന്ന് വ്യക്തമാക്കിയ കോടതി, ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാനും ബാങ്കിന് നിർദ്ദേശം നൽകി. കൂടാതെ, കേസ് ഫയൽ ചെയ്ത തീയതി മുതൽ പണം തിരികെ നൽകുന്നത് വരെ പ്രതിവർഷം 3 ശതമാനം നിരക്കിൽ പലിശ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2013-ൽ താൻ ബാങ്കിൽ നിന്ന് ഫിനാൻസിനായി അപേക്ഷിച്ചിരുന്നുവെന്നും, തുടർന്ന് 50,000 ദിർഹം ലിമിറ്റുള്ള ഒരു ക്രെഡിറ്റ് കാർഡ് തനിക്ക് ലഭിച്ചുവെന്നും ഉപഭോക്താവ് കോടതിയിൽ വ്യക്തമാക്കി. കടബാധ്യതയേക്കാൾ കൂടുതൽ തുക താൻ അടച്ചുതീർത്തിട്ടുണ്ടെങ്കിലും ബാങ്ക് വീണ്ടും പണം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് കോടതി നിയോഗിച്ച ബാങ്കിംഗ് വിദഗ്ധൻ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ പരിശോധിച്ചു. എന്നാൽ ഉപഭോക്താവ് ഒപ്പിട്ട യഥാർത്ഥ കാർഡ് അപേക്ഷയോ, അംഗീകരിച്ച പലിശ നിരക്കും ഫീസും കാണിക്കുന്ന രേഖകളോ ഹാജരാക്കാൻ ബാങ്കിന് സാധിച്ചില്ല. രേഖകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ ഈ റെക്കോർഡുകൾ നഷ്ടപ്പെട്ടു എന്നാണ് ബാങ്ക് ഇതിന് വിശദീകരണം നൽകിയത്. തുടർന്ന് വിദഗ്ധൻ നിയമപരമായ ലളിതമായ പലിശ മാത്രം കണക്കാക്കി അക്കൗണ്ട് പുനഃപരിശോധിച്ചു. ബാങ്കിന് അംഗീകാരം തെളിയിക്കാൻ കഴിയാത്ത കോമ്പൗണ്ട് പലിശയും മറ്റ് ഫീസുകളും ഒഴിവാക്കുകയും ചെയ്തു. അക്കൗണ്ട് പരിശോധിച്ചതിൽ നിന്ന് ആകെ 1.403 ദശലക്ഷം ദിർഹം ഉപഭോക്താവ് പിൻവലിച്ചതായും, ആകെ 1.605 ദശലക്ഷം ദിർഹം അദ്ദേഹം തിരിച്ചടച്ചതായും കണ്ടെത്തി. ഈ കണക്കുകൾ ക്രമീകരിച്ച ശേഷം ഉപഭോക്താവിന് ബാങ്ക് 92,854 ദിർഹം തിരികെ നൽകാനുണ്ടെന്ന് വിദഗ്ധൻ റിപ്പോർട്ട് ചെയ്തു. ബാങ്കിന്റെ വാദങ്ങളെല്ലാം വിദഗ്ധൻ കൃത്യമായി പരിശോധിച്ചിട്ടുണ്ടെന്നും, റിപ്പോർട്ടിനെ ഖണ്ഡിക്കുന്ന യാതൊരു തെളിവും ഹാജരാക്കാൻ ബാങ്കിനായില്ലെന്നും വ്യക്തമാക്കിയ കോടതി വിദഗ്ധന്റെ കണ്ടെത്തലുകൾ അംഗീകരിച്ചു. ഉപഭോക്താവിന് നൽകാനുള്ള തുക നൽകാൻ ബാങ്ക് നിരന്തരം കാലതാമസം വരുത്തിയതായി കോടതി നിരീക്ഷിച്ചു. തുടർന്ന് 92,854 ദിർഹം റീഫണ്ടും പലിശയും നൽകാനും, ക്രെഡിറ്റ് കാർഡ് അക്കൗണ്ടിലെ ബാധ്യതകൾ പൂർണ്ണമായും ഒഴിവാക്കി അക്കൗണ്ട് ക്ലോസ് ചെയ്യാനും, യാതൊരു ബാധ്യതകളുമില്ലെന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാനും കോടതി ഉത്തരവിട്ടു. ഇതിനുപുറമെ കോടതി ചെലവുകളും നിയമപരമായ ഫീസായി 200 ദിർഹവും നൽകാനും ബാങ്കിനോട് ഉത്തരവിട്ടിട്ടുണ്ട്. ഉപഭോക്താവിന്റെ മറ്റ് ആവശ്യങ്ങൾ കോടതി തള്ളി. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t