
ഭിന്നശേഷിക്കാരനായ കുട്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വീഡിയോ പ്രസിദ്ധീകരിച്ച വ്യക്തിക്കെതിരെ യുഎഇ നാഷണൽ മീഡിയ അതോറിറ്റി നിയമനടപടി സ്വീകരിച്ചു. അതേസമയം, സ്കൂളിൽ സഹപാഠികളെ ഉപദ്രവിച്ച സംഭവങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് അൽ ഐൻ കോടതി ആകെ 65,000 ദിർഹം നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. സാമൂഹിക മൂല്യങ്ങൾക്കും പെരുമാറ്റച്ചട്ടങ്ങൾക്കും വിരുദ്ധമായ പരാമർശങ്ങളും അധിക്ഷേപകരമായ ഉള്ളടക്കവും വീഡിയോയിലുണ്ടായിരുന്നുവെന്ന് അതോറിറ്റി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടിനും ഉള്ളടക്കം പ്രസിദ്ധീകരിച്ച വ്യക്തിക്കുമെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ട പ്ലാറ്റ്ഫോമുമായി ഏകോപനം നടത്തിയിട്ടുണ്ട്. തുടർ നിയമനടപടികൾക്കായി കേസ് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും ചെയ്തു.
കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും അന്തസ്സും അവകാശങ്ങളും സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും ഓൺലൈൻ അധിക്ഷേപവും ബുള്ളിയിങ്ങും ഒരു തരത്തിലും അംഗീകരിക്കില്ലെന്നും അതോറിറ്റി വ്യക്തമാക്കി. അൽ ഐൻ സിവിൽ, കൊമേഴ്സ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതിയുടെ രണ്ട് വ്യത്യസ്ത വിധികളിലാണ് സ്കൂളിലെ അക്രമസംഭവങ്ങളിൽ ഉൾപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്ക് നഷ്ടപരിഹാരം ചുമത്തിയത്. ആദ്യ കേസിൽ, സഹപാഠിയെ നിരന്തരം അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്ത രണ്ട് സഹോദരന്മാരുടെ പിതാവിനോട് 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി നിർദേശിച്ചു. കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ സഹോദരന്മാർ പകർത്തുകയും ചെയ്തിരുന്നു. സംഭവത്തെത്തുടർന്ന് ഇരയായ കുട്ടിക്ക് ഭയവും മാനസിക വിഷമവും നേരിട്ടതായി കോടതി നിരീക്ഷിച്ചു. ഈ കേസിൽ വിദ്യാർഥികൾ നേരത്തേ ക്രിമിനൽ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
രണ്ടാമത്തെ കേസിൽ, മൂർച്ചയേറിയ വസ്തുക്കൾ ഉപയോഗിച്ച് സഹപാഠിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച വിദ്യാർഥികളുടെ രക്ഷിതാക്കൾ 35,000 ദിർഹം സംയുക്തമായി നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവിട്ടത്. ആക്രമണത്തിൽ കുട്ടിക്ക് ഒന്നിലധികം പരിക്കുകൾ സംഭവിക്കുകയും സാധാരണ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാൻ പോലും കുറച്ചുദിവസം ബുദ്ധിമുട്ട് നേരിടുകയും ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾ നടത്തുന്ന അക്രമങ്ങൾക്കും ഉപദ്രവങ്ങൾക്കും രക്ഷിതാക്കൾക്ക് നിയമപരമായ സാമ്പത്തിക ബാധ്യതയുണ്ടാകാമെന്ന സന്ദേശമാണ് ഈ വിധികൾ നൽകുന്നത്. ഓൺലൈനിലായാലും സ്കൂൾ പരിസരത്തായാലും കുട്ടികളെ അധിക്ഷേപിക്കുന്നതും ബുള്ളിയിങ് നടത്തുന്നതും ഗൗരവമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അധികൃതർ ഓർമിപ്പിക്കുന്നു.. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t