
ദുബായിലെ തെരുവിൽ അഞ്ചുമാസത്തോളം ദുരിതജീവിതം നയിച്ച കൊല്ലം ചവറ സ്വദേശി ഗബ്രിയേൽ (26) ഒടുവിൽ നാട്ടിലേക്ക് മടങ്ങി. ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് വഴിയരികിൽ കഴിഞ്ഞിരുന്ന യുവാവിന് ഭക്ഷണവും താമസവും ഒരുക്കി നാട്ടിലേക്ക് തിരിച്ചെത്താൻ സഹായിച്ചത് ഇൻകാസ് ദുബായ് പ്രവർത്തകരാണ്.
ദെയ്റ നായിഫിലെ അൽ ഫുത്തൈം പള്ളിക്ക് സമീപമാണ് ഗബ്രിയേൽ മാസങ്ങളോളം കഴിഞ്ഞത്. കെട്ടിടങ്ങൾക്കിടയിൽ അന്തിയുറങ്ങിയും ലഭിക്കുന്ന ഭക്ഷണം കഴിച്ചുമായിരുന്നു ജീവിതം മുന്നോട്ടുപോയത്. ഇതിനിടെ കൈവശമുണ്ടായിരുന്ന പാസ്പോർട്ടും മറ്റ് രേഖകളും മോഷണം പോയതോടെ സ്ഥിതി കൂടുതൽ പ്രതിസന്ധിയിലായി. അവശനിലയിൽ വഴിയരികിൽ കിടന്നിരുന്ന ഗബ്രിയേലിനെ ഇൻകാസ് ഭാരവാഹിയായ മുഹമ്മദലിയാണ് ആദ്യം ശ്രദ്ധിച്ചത്. വിവരം സംഘടനാ ഭാരവാഹികളെ അറിയിച്ചതിന് പിന്നാലെ പ്രവർത്തകർ സ്ഥലത്തെത്തി. കൊടുംചൂടിൽ ആരോഗ്യനില മോശമായിരുന്ന യുവാവിന് ഉടൻ ഭക്ഷണവും സുരക്ഷിതമായ താമസസൗകര്യവും ഒരുക്കി.
എന്നാൽ നാട്ടിലേക്ക് മടങ്ങാനുള്ള വഴിയും എളുപ്പമായിരുന്നില്ല. കമ്പനിയുടെ നിസ്സഹകരണത്തിനൊപ്പം ‘അബ്സ്കോണ്ടിങ്’ കേസ് നിലനിന്നിരുന്നതിനാൽ എമിഗ്രേഷൻ ക്ലിയറൻസിലും തടസ്സങ്ങളുണ്ടായി. തുടർന്ന് ഇൻകാസ് ദുബായ് നേതാക്കൾ നയതന്ത്രതലത്തിലും എമിഗ്രേഷൻ അധികൃതരുമായും നടത്തിയ തുടർച്ചയായ ഇടപെടലുകൾക്കൊടുവിലാണ് മടക്കയാത്ര സാധ്യമായത്. കഴിഞ്ഞ ദിവസം ദുബായ് വിമാനത്താവളത്തിൽനിന്ന് ഗബ്രിയേൽ നാട്ടിലേക്ക് യാത്ര തിരിച്ചു. മാസങ്ങൾ നീണ്ട ദുരിതത്തിന് ഒടുവിൽ അമ്മയുടെ അടുത്തേക്ക് മടങ്ങുമ്പോൾ കണ്ണീരോടെയും നന്ദിയോടെയുമാണ് അദ്ദേഹം പ്രവാസലോകത്തോട് വിടപറഞ്ഞത്. ഇൻകാസ് ദുബായ് സ്റ്റേറ്റ്, ജില്ലാ ഭാരവാഹികളും പ്രവർത്തകരും ചേർന്നാണ് യുവാവിനെ യാത്രയാക്കിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t