UAE Marrying relatives; ബന്ധുക്കൾ തമ്മിലുള്ള വിവാഹം: ഗൾഫിൽ ജനിതക രോഗസാധ്യത കൂടുന്നു; മുന്നറിയിപ്പുമായി യുഎഇ ഡോക്ടർമാർ

UAE Marrying relatives; ഗൾഫ് രാജ്യങ്ങളിൽ അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം പാരമ്പര്യ ജനിതക രോഗങ്ങൾ വർധിക്കാൻ ഇടയാക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. മേഖലയിലെ ജനങ്ങൾക്കിടയിൽ ജനിതക സാക്ഷരതയും ബോധവൽക്കരണവും അടിയന്തരമായി വ്യാപിപ്പിക്കണമെന്നും യുഎഇയിലെ പ്രമുഖ ഡോക്ടർമാർ ആവശ്യപ്പെട്ടു. ‘ഗൾഫിലെ ജനിതകപരമായ അപകടസാധ്യതകൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിലാണ് വിദഗ്ധർ ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾ ഗൾഫ് മേഖലയിൽ കൂടുതലായതിനാൽ, പാരമ്പര്യമായി ഉണ്ടാകുന്ന ‘റിസസീവ് ജനിതക തകരാറുകൾ’ കുട്ടികളിൽ കണ്ടുവരുന്ന നിരക്ക് ഉയർന്നതാണെന്ന് എസ്‌കെഎംസി/സെഹ (SKMC/SEHA) കൺസൾട്ടന്റ് മെഡിക്കൽ ജനറ്റിസിസ്റ്റും യുഎഇയു അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. മറിയം അൽഷെഹ്ഹി ചൂണ്ടിക്കാട്ടി. ദുബായിൽ നടപ്പിലാക്കിയ നിർബന്ധിത വിവാഹപൂർവ്വ പരിശോധനയിൽ പങ്കെടുത്ത ആദ്യത്തെ 1,000 ദമ്പതികളിൽ എട്ട് ശതമാനം പേരിലും ഒരേ തരത്തിലുള്ള രോഗസാധ്യതയുള്ള ജനിതക വ്യതിയാനങ്ങൾ കണ്ടെത്തിയതായി ദുബായ് ഹെൽത്തിന്റെ പഠനം വ്യക്തമാക്കുന്നു. ആഗോള ശരാശരിയേക്കാൾ വളരെ ഉയർന്ന നിരക്കാണിത്. കൂടാതെ, ഒമാനിൽ കുട്ടികളിൽ കണ്ടെത്തിയ മെറ്റബോളിക് രോഗങ്ങളിൽ 80 ശതമാനവും മാതാപിതാക്കൾ അടുത്ത ബന്ധുക്കളായ കേസുകളിലാണെന്ന് മറ്റൊരു പഠനത്തിൽ കണ്ടെത്തിയതായും ഡോ. മറിയം വ്യക്തമാക്കി.

2025 ജനുവരി മുതലാണ് യുഎഇയിൽ വിവാഹപൂർവ്വ ജനിതക പരിശോധന നിർബന്ധമാക്കിയത്. അബുദാബിയിൽ 570-ലധികം ജീനുകളും ദുബായിൽ 782 ജീനുകളുമാണ് ഇതിലൂടെ പരിശോധിക്കുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ സമഗ്ര വിവാഹപൂർവ്വ ജനിതക പരിശോധനാ പദ്ധതിയാണിതെന്നും, തുടർ പ്രതിരോധ നടപടിയെന്ന നിലയിൽ നവജാതശിശുക്കളിലെ ജനിതക പരിശോധനയും യുഎഇ ആരംഭിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. നവജാതശിശുക്കളിലെ പരിശോധന രോഗനിർണയവും ചികിത്സയും വേഗത്തിലാക്കാൻ സഹായിക്കുന്നുണ്ടെന്ന് എസ്എസ്എംസി നിയോനറ്റോളജി വിഭാഗം കൺസൾട്ടന്റായ ഡോ. ജുനൈദ് മുഹിബ് ഖാൻ പറഞ്ഞു. ദുബായിൽ നടത്തിയ ഒരു പഠനമനുസരിച്ച് പരിശോധനാ ഫലം ശരാശരി 3.4 ദിവസത്തിനകം ലഭ്യമാകുന്നുണ്ട്. പരിശോധിച്ച കുഞ്ഞുങ്ങളിൽ 53 ശതമാനം പേരിലും ജനിതക തകരാറുകൾ കണ്ടെത്താൻ സാധിച്ചു. ഇത് അവരുടെ ചികിത്സാരീതി കൂടുതൽ കൃത്യതയോടെ മുൻപോട്ടു കൊണ്ടുപോകാനും അനുയോജ്യമായ മരുന്നുകൾ നൽകാനും ഡോക്ടർമാരെ സഹായിച്ചു. 2030-ഓടെ ഈ മേഖലയിൽ പൂർണ്ണമായും കൃത്യതയാർന്ന ചികിത്സാ സംവിധാനം കൊണ്ടുവരികയാണ് ലക്ഷ്യം.

ജനിതക പരിശോധനകൾ വ്യാപിപ്പിക്കുമ്പോൾ സാമൂഹിക-സാംസ്കാരിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ ഓർമ്മിപ്പിച്ചു. പരിശോധനാ ഫലങ്ങൾ പോസിറ്റീവാകുമ്പോൾ ദമ്പതികൾ കടുത്ത മാനസിക വിഷമത്തിലാകുന്നത് സ്വാഭാവികമാണ്. മറ്റുള്ള രാജ്യങ്ങളിലെപ്പോലെ പരിശോധനാ വിവരങ്ങൾ പരസ്യപ്പെടുത്തുന്ന രീതി യുഎഇയിൽ അനുയോജ്യമല്ലെന്നും വ്യക്തികളുടെ സ്വകാര്യതയും മതപരവും സാംസ്കാരികവുമായ മാനദണ്ഡങ്ങളും പൂർണ്ണമായും സംരക്ഷിക്കണമെന്നും ഡോ. മറിയം പറഞ്ഞു. ഒരാൾ ജനിതക വ്യതിയാനം വഹിക്കുന്നു എന്നതുകൊണ്ട് അയാൾ രോഗിയാണെന്ന് അർത്ഥമില്ലെന്നും അത്തരം ആളുകളെ സമൂഹത്തിൽ മാറ്റിനിർത്തുന്ന പ്രവണത ഉണ്ടാകരുതെന്നും ഡോ. ജുനൈദ് ഖാൻ വ്യക്തമാക്കി. ജനിതക വിവരങ്ങൾ സാധാരണക്കാർക്ക് ലളിതമായി വിശദീകരിച്ചു നൽകാൻ കൂടുതൽ ജനറ്റിക് കൗൺസിലർമാരെ നിയമിക്കണമെന്നും, ബോധവൽക്കരണ പരിപാടികൾ ഊർജ്ജിതമാക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version