
യുഎഇയിൽ നിന്നുള്ളതും യുഎഇയിലേക്കുള്ളതുമായ നിരവധി വിമാന സർവീസുകൾ റദ്ദാക്കുകയും വൈകിപ്പിക്കുകയും ചെയ്തതായി വിവിധ വിമാനക്കമ്പനികൾ അറിയിച്ചു. എമിറേറ്റ്സ്, ഫ്ലൈദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികളുടെ സർവീസുകളെയാണ് നിലവിലെ തടസ്സങ്ങൾ ബാധിച്ചിരിക്കുന്നത്. പ്രതിസന്ധികൾക്കിടയിലും സാധ്യമായത്ര വിമാന സർവീസുകൾ സാധാരണ നിലയിൽ തുടരാൻ ശ്രമിക്കുന്നതായി അധികൃതർ വ്യക്തമാക്കി. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട എയർലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ച് വിമാനത്തിന്റെ ഏറ്റവും പുതിയ സ്ഥിതിയും പുറപ്പെടുന്ന സമയവും ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
ദുബായിൽ നിന്ന് റദ്ദാക്കിയ സർവീസുകൾ
എമിറേറ്റ്സ്: അമ്മാനിൽ നിന്നുള്ള EK 902 സർവീസ് റദ്ദാക്കി.
ഫ്ലൈദുബായ്: അബഹയിലേക്കുള്ള FZ 816, കുവൈത്തിലേക്കുള്ള FZ 8501, ബസ്രയിലേക്കുള്ള FZ 8502, എന്റബെയിലേക്കുള്ള FZ 8505 എന്നീ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
മറ്റ് വിമാനക്കമ്പനികൾ: കെനിയ എയർവേയ്‌സിന്റെ നെയ്‌റോബിയിൽ നിന്നുള്ള KQ 304, KQ 305 സർവീസുകളും, എയർബ്ലൂവിന്റെ ലാഹോർ സർവീസുകളായ PA 410, PA 411 എന്നിവയും റദ്ദാക്കി. ടെഹ്‌റാനിൽ നിന്നുള്ള എടിഎ എയർലൈൻസ് സർവീസും കാഠ്മണ്ഡുവിൽ നിന്നുള്ള ഹിമാലയ എയർലൈൻസിന്റെ H9 765, H9 766 സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.
ഷാർജ, അബുദാബി സർവീസുകളിലും റദ്ദാക്കൽ
ഷാർജയിൽ നിന്ന് സർവീസ് നടത്തുന്ന എയർ അറേബ്യയുടെ ഖസീം (G9070), തബൂക്ക് (G9191), ദോഹ (G9040, G9027), ബഹ്റൈൻ (G9107), കുവൈത്ത് (G9068, G9124), എന്റബെ (G9691) സർവീസുകൾ റദ്ദാക്കി.
അബുദാബിയിൽ നിന്ന് ലാഹോറിലേക്കുള്ള എയർ സിയാലിന്റെ PF796 സർവീസും റദ്ദാക്കിയിട്ടുണ്ട്.
കൊച്ചി ഉൾപ്പെടെ നിരവധി സർവീസുകൾ വൈകും
ദുബായിലെത്തുന്ന വിമാനങ്ങളിലും കാര്യമായ വൈകലുണ്ടാകുമെന്നാണ് അറിയിപ്പ്.
കൊച്ചിയിൽ നിന്നുള്ള സ്‌പൈസ് ജെറ്റ് SG 5118 സർവീസ് ഏകദേശം 7 മണിക്കൂർ 35 മിനിറ്റ് വൈകും. ന്യൂഡൽഹിയിൽ നിന്നുള്ള SG 5105 സർവീസ് 50 മിനിറ്റോളം വൈകും.
എമിറേറ്റ്സിന്റെ ലണ്ടൻ ഹീത്രൂ–ദുബായ് EK 002 സർവീസ് 37 മിനിറ്റും, കെയ്‌റോയിൽ നിന്നുള്ള EK 924 ഒരു മണിക്കൂർ 25 മിനിറ്റും, ബ്രിസ്‌ബേനിൽ നിന്നുള്ള EK 435 ഏകദേശം 2 മണിക്കൂർ 31 മിനിറ്റും വൈകും.
ഫ്ലൈദുബായിയുടെ സെന്റ് പീറ്റേഴ്‌സ്ബർഗ് (FZ 992), മിൻസ്‌ക് (FZ 1716) സർവീസുകൾക്കും വൈകലുണ്ട്. പെഗാസസിന്റെ അങ്കാറ സർവീസും കെനിയ എയർവേയ്‌സിന്റെ നെയ്‌റോബി സർവീസും വൈകുമെന്നാണ് വിവരം.
അബുദാബിയിലേക്കുള്ള സർവീസുകൾക്കും വൈകൽ
അബുദാബിയിലെത്തുന്ന ഇത്തിഹാദ് എയർവേയ്‌സിന്റെ ലണ്ടൻ ഹീത്രൂവിൽ നിന്നുള്ള EY064, EY066സർവീസുകളും ആംസ്റ്റർഡാമിൽ നിന്നുള്ള EY042 സർവീസും വൈകാൻ സാധ്യതയുണ്ട്. വിമാന സർവീസുകളുടെ സ്ഥിതിയിൽ മാറ്റമുണ്ടാകാമെന്നതിനാൽ യാത്രയ്ക്ക് മുമ്പ് എയർലൈനുകളിൽ നിന്ന് ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കുന്നത് യാത്രക്കാർക്ക് സുരക്ഷിതമായിരിക്കും.