
അബുദാബി ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ രണ്ടാമത്തെ ആഴ്ചയിലെ ഇ-ഡ്രോയിൽ നാല് പ്രവാസികൾക്ക് സമ്മാനം. രണ്ട് ഇന്ത്യക്കാരും ബംഗ്ലാദേശ്, നേപ്പാൾ സ്വദേശികളായ ഓരോരുത്തരുമാണ് 25,000 ദിർഹം വീതം സമ്മാനത്തുകയായി നേടിയത്. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 5.7 ലക്ഷത്തിലധികം വരും. വിജയികളിൽ കണ്ണൂർ സ്വദേശിയായ ഷെരീഫും ഉൾപ്പെടുന്നു. കഴിഞ്ഞ 20 വർഷമായി അബുദാബിയിൽ ബിസിനസ് നടത്തിവരുന്ന ഷെരീഫ്, 10 സുഹൃത്തുക്കൾക്കൊപ്പമാണ് പതിവായി ബിഗ് ടിക്കറ്റ് എടുക്കുന്നത്. എന്നാൽ ആദ്യമായാണ് അദ്ദേഹത്തിന്റെ സംഘത്തിന് സമ്മാനം ലഭിക്കുന്നത്. “വാർത്ത കേട്ടപ്പോൾ വലിയ സന്തോഷം തോന്നി. ഒരിക്കൽ ബിഗ് ടിക്കറ്റിന്റെ ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ,” ഷെരീഫ് പ്രതികരിച്ചു. ലഭിച്ച സമ്മാനത്തുക സംഘത്തിലെ അംഗങ്ങൾ ചേർന്ന് പങ്കിട്ടെടുക്കും.
മറ്റൊരു ഇന്ത്യൻ വിജയിയായ 48കാരൻ ജസ്വിന്ദർ പഞ്ചാബ് സ്വദേശിയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഷാർജയിൽ മെക്കാനിക്കൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന അദ്ദേഹം 10 സുഹൃത്തുക്കൾ ചേർന്നെടുത്ത ടിക്കറ്റിലൂടെയാണ് സമ്മാനം നേടിയത്. സമ്മാനത്തുകയിൽ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുമെന്നും ജസ്വിന്ദർ പറഞ്ഞു. “തുക ചെറുതായാലും വലുതായാലും, കഴിയുന്ന അവസരങ്ങളിൽ സമൂഹത്തിന് തിരികെ നൽകുക എന്നതാണ് പ്രധാനമെന്ന്” അദ്ദേഹം വ്യക്തമാക്കി.
അജ്മാനിലെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന 32കാരനായ എം.ഡി. മൊസ്തക്കിൻഷാ ബില്ലയാണ് വിജയിച്ച ബംഗ്ലാദേശ് സ്വദേശി. ദുബായിലെ ഓട്ടോ സ്പെയർ പാർട്സ് കമ്പനിയിൽ ജോലി ചെയ്യുന്ന 43കാരനായ ഖും ബഹാദൂർ റാണയാണ് മറ്റൊരു വിജയി. സുഹൃത്തുക്കളുമായി ചേർന്ന് എടുത്ത ടിക്കറ്റുകളാണ് ഇരുവർക്കും ഭാഗ്യം കൊണ്ടുവന്നത്. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും അബുദാബി, അൽ ഐൻ വിമാനത്താവളങ്ങളിലെയും മൊറാഫിക് കേന്ദ്രങ്ങളിലെയും കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ വാങ്ങാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t