
UAE flight disruptions;യുഎഇയിലെ പ്രധാന വിമാനത്താവളങ്ങളിൽ സർവീസുകൾക്ക് വീണ്ടും തടസ്സം നേരിടുന്നു. ദുബായ്, അബുദാബി, ഷാർജ വിമാനത്താവളങ്ങളിൽനിന്ന് പുറപ്പെടേണ്ട ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കുകയും ചിലത് സമയം പുനഃക്രമീകരിക്കുകയും ചെയ്തു. എയർ അറേബ്യ, ഫ്ലൈദുബായ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ ബഹ്റൈൻ, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള ചില സർവീസുകളാണ് റദ്ദാക്കിയത്. അതേസമയം, ഇമിറേറ്റ്സ്, ഇത്തിഹാദ് കമ്പനികളുടെ ഭൂരിഭാഗം സർവീസുകളും തടസ്സമില്ലാതെ തുടരുന്നുണ്ടെങ്കിലും ചില വിമാനങ്ങൾ വൈകിയാണ് പുറപ്പെടുന്നത്. യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള സർവീസുകളെ ഇത് ഗുരുതരമായി ബാധിച്ചിട്ടില്ല. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും സാങ്കേതികവും പ്രവർത്തനപരവുമായ മറ്റ് കാരണങ്ങളുമാണ് സർവീസുകളിലെ മാറ്റത്തിന് കാരണം. അതിനാൽ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി യാത്രക്കാർ അതത് എയർലൈനുകളുടെ ഔദ്യോഗിക വെബ്സൈറ്റോ ആപ്പോ വഴി വിമാനത്തിന്റെ സമയക്രമം കൃത്യമായി ഉറപ്പുവരുത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രതിസന്ധികൾക്ക് ശേഷം യുഎഇ വ്യോമയാന മേഖല സർവീസുകളുടെ ശേഷി ക്രമേണ വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ (ഡിഎക്സ്ബി) വിമാന സർവീസുകൾ മുൻപത്തേക്കാൾ 84 ശതമാനത്തോളം സാധാരണ നിലയിലായതായി അധികൃതർ വ്യക്തമാക്കുന്നു. വർഷാവസാനത്തോടെ നെറ്റ്‌വർക്ക് പൂർണമായും സജ്ജമാക്കാൻ കഴിയുമെന്നാണ് ഫ്ലൈദുബായ് പ്രതീക്ഷിക്കുന്നത്. എന്നാൽ, രാജ്യാന്തര തലത്തിലുള്ള യാത്രാ നിർദേശങ്ങളും സുരക്ഷാ വിലയിരുത്തലുകളും സർവീസുകൾ പൂർണമായി പഴയപടിയാക്കാൻ കാലതാമസം വരുത്തുന്നുണ്ട്. ബ്രിട്ടിഷ് എയർവേസ് നവംബർ ആദ്യ വാരത്തോടെയും വിസ് എയർ ഒക്ടോബർ അവസാനത്തോടെയും ദുബായിലേക്ക് സർവീസുകൾ പുനരാരംഭിക്കാൻ പദ്ധതിയിടുന്നു. അതേസമയം ലുഫ്ത്താൻസ, എയർ ഫ്രാൻസ് ഉൾപ്പെടെയുള്ള ഒട്ടേറെ രാജ്യാന്തര എയർലൈനുകൾ ദുബായിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t