പരിചരിക്കാൻ ഏൽപ്പിച്ച കുഞ്ഞിന് വീടുജോലിക്കാരിയുടെ ക്രൂരമർദ്ദനം; കോടതി നടപടി 

അബുദാബിയിൽ മൂന്ന് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിൽ ഹോം നഴ്‌സിന് ഒരു മാസം തടവും 3,000 ദിർഹം പിഴയും വിധിച്ചതിന് പിന്നാലെ 10,000 ദിർഹം നഷ്ടപരിഹാരം നൽകാനും സിവിൽ കോടതി ഉത്തരവിട്ടു. കുട്ടിയുടെ ശാരീരിക സുരക്ഷ അപകടത്തിലാക്കിയ കുറ്റത്തിനാണ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്.

സംഭവത്തെ തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ കുട്ടിയുടെ നെഞ്ചിലും താടിക്ക് താഴെയും ആഴത്തിലുള്ള പോറലുകളും മറ്റ് പരിക്കുകളും കണ്ടെത്തിയിരുന്നു. ക്രിമിനൽ കോടതിയുടെ അന്തിമവിധിയെ അടിസ്ഥാനമാക്കിയാണ് കുട്ടിയുടെ അമ്മ അബുദാബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതിയെ സമീപിച്ചത്. ശാരീരികവും മാനസികവുമായ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു സിവിൽ കേസ്.

കുട്ടിയെ പരിചരിക്കാനുള്ള ചുമതല ഏൽപ്പിച്ചിരുന്ന വ്യക്തി തന്നെയാണ് മർദ്ദിച്ചതെന്ന് അമ്മ കോടതിയിൽ വ്യക്തമാക്കി. എന്നാൽ താൻ കുട്ടിയുടെ പരിചാരകയല്ലെന്നും ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണെന്നും പ്രതി വാദിച്ചു. ശമ്പളം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കേസിന് പിന്നിലെന്നും പ്രതിഭാഗം അവകാശപ്പെട്ടു.

എന്നാൽ ക്രിമിനൽ കോടതിയുടെ അന്തിമവിധി പരിഗണിച്ച സിവിൽ കോടതി ഈ വാദങ്ങൾ അംഗീകരിച്ചില്ല. കുട്ടിക്കുണ്ടായ പരിക്കുകൾ, ചികിത്സയ്ക്കായി ചെലവായ തുക, അമ്മയ്ക്കും കുട്ടിക്കുമുണ്ടായ മാനസിക വിഷമം എന്നിവ പരിഗണിച്ചാണ് കോടതി നഷ്ടപരിഹാരം നിശ്ചയിച്ചത്.

ഇതനുസരിച്ച് 10,000 ദിർഹം (ഏകദേശം 2.25 ലക്ഷം രൂപ) അമ്മയ്ക്ക് മാനസികവും സാമ്പത്തികവുമായ നഷ്ടപരിഹാരമായി നൽകണം. കോടതി ചെലവുകൾക്കൊപ്പം, വിധി പുറപ്പെടുവിച്ച ദിവസം മുതൽ നഷ്ടപരിഹാരത്തുക പൂർണമായി അടയ്ക്കുന്നതുവരെ പ്രതിവർഷം 4 ശതമാനം പലിശയും നൽകണമെന്നും കോടതി ഉത്തരവിട്ടു. വിശ്വാസത്തോടെ കുട്ടിയുടെ സംരക്ഷണം ഏൽപ്പിച്ച വ്യക്തിയിൽ നിന്നുതന്നെ അതിക്രമം നേരിടേണ്ടിവന്നത് കുടുംബത്തിന് ഗുരുതരമായ മാനസിക ആഘാതമുണ്ടാക്കിയെന്നും കോടതി നിരീക്ഷിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version