
Dubai RTA airport transit; വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകൾ കൂടുതൽ എളുപ്പവും വേഗത്തിലുള്ളതുമാക്കാൻ സമഗ്ര ഗതാഗത വികസന പദ്ധതികളുമായി ദുബായ്. യാത്രക്കാർക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ എയർപോർട്ടുകളിലേക്ക് എത്തിച്ചേരാൻ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് എയർപോർട്ട്സും തമ്മിൽ ധാരണയായി. ഇതുസംബന്ധിച്ച് ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്തർ അൽ തായറും ദുബായ് എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത്സും തമ്മിൽ ഉന്നതതല ചർച്ച നടത്തി. ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് പുറമെ, ഭാവിയിലെ വൻ യാത്രാ തിരക്ക് മുന്നിൽക്കണ്ട് ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റോഡ്, പൊതുഗതാഗത ശൃംഖലകൾ ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. ജനസംഖ്യാ വർധനവും സഞ്ചാരികളുടെ ഒഴുക്കും കണക്കിലെടുത്ത് ദുബായ് സൗത്ത്, ഡിഡബ്ല്യുസി മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് മികച്ച പൊതുഗതാഗത സൗകര്യങ്ങളാണ് ആർടിഎ ഒരുക്കുക. ദുബായുടെ സാമ്പത്തിക, വിനോദസഞ്ചാര, വ്യോമയാന മേഖലകളുടെ അതിവേഗ വളർച്ചയ്ക്ക് കര-വ്യോമ ഗതാഗത ഏകോപനം അനിവാര്യമാണെന്ന് മത്തർ അൽ തായർ പറഞ്ഞു. യാത്രക്കാർ വീടുകളിൽ നിന്നോ താമസസ്ഥലങ്ങളിൽ നിന്നോ പുറപ്പെടുന്നതുമുതൽ വിമാനം കയറുന്നതുവരെയുള്ള ഘട്ടങ്ങൾ പൂർണ്ണമായും തടസ്സരഹിതമാക്കാൻ ഈ സംയുക്ത നീക്കം സഹായിക്കുമെന്ന് പോൾ ഗ്രിഫിത്സും വ്യക്തമാക്കി. ആർടിഎ റെയിൽ ഏജൻസി സിഇഒ അബ്ദുൽ മുഹ്സിൻ ഇബ്രാഹിം കൽബത്ത്, ദുബായ് എയർപോർട്ട്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (സിഒഒ) മജീദ് അൽ ജോക്കർ തുടങ്ങി ഇരുവിഭാഗത്തിലെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t