
ലൈസൻസില്ലാതെ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനും തൊഴിൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുമായി സോഷ്യൽ മീഡിയയിൽ പ്രവർത്തിച്ചിരുന്ന ഏകദേശം 200 അക്കൗണ്ടുകൾ യുഎഇയിൽ അടച്ചുപൂട്ടി. 2026ന്റെ ആദ്യ ആറുമാസത്തിനിടെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE), ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുമായി (TDRA) സഹകരിച്ചാണ് അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചത്. ആവശ്യമായ ലൈസൻസില്ലാതെയും മന്ത്രാലയത്തിന്റെ അംഗീകാരമുള്ള റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുമായി ബന്ധമില്ലാതെയുമാണ് ഇവ സേവനങ്ങൾ വാഗ്ദാനം ചെയ്തിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഫീൽഡ് പരിശോധനകൾക്ക് പുറമെ ഇലക്ട്രോണിക് നിരീക്ഷണം, ട്രാക്കിങ് സംവിധാനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ സംവിധാനങ്ങളും ഉപയോഗിച്ചാണ് നിയമലംഘനങ്ങൾ കണ്ടെത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ഇത്തരം നടപടികളിലൂടെ വീട്ടുജോലിക്കാരെയും തൊഴിലുടമകളെയും സംരക്ഷിക്കുകയാണ് ലക്ഷ്യം.
ലൈസൻസുള്ള റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ വഴി സേവനം തേടുമ്പോൾ അംഗീകൃത കരാറുകളും നിരക്കുകളും പാക്കേജുകളും ലഭിക്കുന്നതിനൊപ്പം പരാതികൾ അറിയിക്കാനുള്ള സംവിധാനവും ലഭിക്കും. അതിനാൽ സോഷ്യൽ മീഡിയയിൽ കാണുന്ന വീട്ടുജോലി റിക്രൂട്ട്മെന്റ് പരസ്യങ്ങളുടെ ഉറവിടവും ലൈസൻസും പരിശോധിച്ച ശേഷം മാത്രം പണമിടപാടുകൾ നടത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ലൈസൻസില്ലാത്ത റിക്രൂട്ട്മെന്റ് സേവനങ്ങളോ സംശയാസ്പദമായ പരസ്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ 600 590000 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യാം. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t