
UAE child assault compensation; യുഎഇയിൽ മൂന്ന് വയസ്സുകാരനായ കുട്ടിയെ ഉപദ്രവിച്ച സംഭവത്തിൽ തൊഴിലാളി, അമ്മയ്ക്ക് 10,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു. കുട്ടിയുടെ നെഞ്ചിലും താടിക്കു താഴെയും മാന്തി പരിക്കേൽപ്പിച്ച കേസിലാണ് അബുദാബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കോടതി ഉത്തരവിട്ടത്. ക്രിമിനൽ കോടതി മുമ്പ് ഈ കേസിൽ തൊഴിലാളിക്ക് ഒരു മാസം തടവും 3,000 ദിർഹം പിഴയും വിധിച്ചിരുന്നു. ഇതിന് പിന്നാലെയുളള സിവിൽ കോടതി ഉത്തരവാണ് ഇപ്പോൾ വന്നിരിക്കുന്നത്. തനിക്കുണ്ടായ മാനസികവും ഭൗതീകവുമായ ബുദ്ധിമുട്ടുകൾക്ക് 25,000 ദിർഹം നഷ്ടപരിഹാരവും നിയമപരമായ ചെലവുകളും ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയാണ് കോടതിയെ സമീപിച്ചത്. തന്റെ അഭാവത്തിൽ കുട്ടിയെ നോക്കാൻ ചുമതലപ്പെടുത്തിയത് ഈ തൊഴിലാളിയെയാണെന്നും, ആ വിശ്വാസത്തിന് മേൽ ഏൽപിച്ച വലിയൊരു പ്രഹരമാണ് ഈ ആക്രമണെമെന്നും അമ്മ കോടതിയിൽ വ്യക്തമാക്കി. കുട്ടിയുടെ ശരീരത്തിലെ പോറലുകളും പരിക്കുകളും വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ശമ്പള കുടിശ്ശിക സംബന്ധിച്ച തർക്കങ്ങളും കരാർ ലംഘനങ്ങളും കാരണം അമ്മ തനിക്കെതിരെ വ്യാജ പരാതി നൽകിയതാണെന്നായിരുന്നു തൊഴിലാളിയുടെ വാദം. താൻ ഒരു ഡ്രൈവറായി ജോലിക്ക് എടുത്ത ആളാണെന്നും കുട്ടികളെ നോക്കുക എന്നത് തന്റെ ജോലിയല്ലെന്നും അവർ കോടതിയിൽ വാദിച്ചു. എന്നാൽ ക്രിമിനൽ കോടതിയുടെ അന്തിമ വിധിയിലൂടെ കുറ്റം തെളിഞ്ഞതാണെന്നും, സിവിൽ നഷ്ടപരിഹാര കേസിൽ ആ വിഷയം വീണ്ടും ചർച്ച ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. കുട്ടിയുടെ പരിക്കുകളും ചികിത്സാച്ചെലവുകളും അമ്മ അനുഭവിച്ച മാനസിക വേദനയും നഷ്ടപരിഹാരം നൽകാൻ പര്യാപ്തമാണെന്ന് കണ്ടെത്തിയാണ് കോടതി 10,000 ദിർഹം നഷ്ടപരിഹാരം വിധിച്ചത്. നിശ്ചിത തീയതി മുതൽ 4 ശതമാനം പലിശയും കോടതി ചെലവുകളും തൊഴിലാളി നൽകണമെന്നും ഉത്തരവിലുണ്ട്.