
അബുദാബിയിൽ കാണാതായ പ്രിയപ്പെട്ട വളർത്തുനായ ജിക്കുവിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ് ഒരു കുടുംബം. രണ്ട് മാസത്തിലേറെയായി ജിക്കുവിനെ കാണാതായിട്ടും പ്രതീക്ഷ കൈവിടാത്ത ഉടമ പ്രിയങ്ക തമാംഗും പ്രതിശ്രുതവരനും, നായയെ കണ്ടെത്തി സുരക്ഷിതമായി തിരികെ എത്തിക്കുന്നവർക്ക് 30,000 ദിർഹം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
മാൾട്ടീസ് ഇനത്തിൽപ്പെട്ട ജിക്കുവിനെ ജൂലൈ 3നാണ് അൽ മുഷ്റിഫ് മേഖലയിൽ നിന്ന് കാണാതായത്. മുഷ്റിഫ് മാളിന് സമീപമായിരുന്നു സംഭവം. കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറി രണ്ട് ദിവസത്തിന് ശേഷമാണ് ജിക്കു പുറത്തേക്ക് ഓടിപ്പോയത്. അന്ന് നായ അസ്വസ്ഥനായി പതിവിൽനിന്ന് വ്യത്യസ്തമായി പെരുമാറിയിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞു.
ജിക്കുവിനെ കണ്ടെത്തുന്നതിനായി പ്രിയങ്കയും പ്രതിശ്രുതവരനും അൽ മുഷ്റിഫിന്റെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളോളം തെരച്ചിൽ നടത്തി. പോസ്റ്ററുകളും ലഘുലേഖകളും വിതരണം ചെയ്തതിനൊപ്പം പ്രദേശത്തെ നിരവധി താമസക്കാരിൽ നിന്ന് വിവരങ്ങളും ശേഖരിച്ചു. ജിക്കുവിനെ കണ്ടതായി പലരും അറിയിച്ചെങ്കിലും ഇവയിൽ ഭൂരിഭാഗവും സ്ഥിരീകരിക്കാൻ സാധിച്ചില്ല. വഴിയരികിൽ ഒരു നായ കരയുന്നത് കണ്ടതായും എന്നാൽ അത് ജിക്കുവാണെന്ന് മനസ്സിലാകാതെ ഓടിച്ചുവിട്ടതായും ചിലർ പറഞ്ഞതായി പ്രിയങ്ക വ്യക്തമാക്കി. “അവൻ ഭയന്നിരിക്കുമെന്ന ചിന്ത തന്നെ ഹൃദയം തകർക്കുന്നു. ആരെങ്കിലും അവനെ സഹായിച്ചിട്ടുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” പ്രിയങ്ക പറഞ്ഞു.
ജിക്കുവിനെ കണ്ടെത്തുന്നവർക്ക് ആദ്യം 5,000 ദിർഹമായിരുന്നു പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. കുടുംബത്തിന്റെ തെരച്ചിൽ ശ്രദ്ധയിൽപ്പെട്ടതോടെ ദുബായ് ആസ്ഥാനമായ ഗൾഫ് ഇൻവെസ്റ്റ് റിയൽ എസ്റ്റേറ്റ് പാരിതോഷികം 15,000 ദിർഹമായി ഉയർത്തുകയും ലഘുലേഖകൾ വിതരണം ചെയ്യുന്നതിൽ കുടുംബത്തെ സഹായിക്കുകയും ചെയ്തു. പിന്നീട് ഹോം ഫൈൻഡറിലെ ഒരു പ്രതിനിധി കുടുംബത്തെ സമീപിച്ച് പാരിതോഷികം ഇരട്ടിയാക്കാൻ തീരുമാനിച്ചതോടെയാണ് തുക 30,000 ദിർഹമായി ഉയർന്നത്. അതേസമയം, ജിക്കുവിനെ കണ്ടെത്താൻ നൽകിയ ഫോൺ നമ്പറുകളിലേക്ക് സഹായവിവരങ്ങൾക്കൊപ്പം വ്യാജ കോളുകളും എത്തുന്നുണ്ട്. ഫോണിലൂടെ നായ കുരയ്ക്കുന്ന ശബ്ദം കേൾപ്പിച്ച് ചിലർ കുടുംബത്തെ പരിഹസിക്കുന്നതായും പ്രിയങ്ക പറഞ്ഞു. എന്നിരുന്നാലും ജിക്കുവിനെക്കുറിച്ചുള്ള ഒരു സൂചന ലഭിക്കുമെന്ന പ്രതീക്ഷയിൽ ലഭിക്കുന്ന എല്ലാ കോളുകളും കുടുംബം പരിശോധിക്കുന്നുണ്ട്.
നായകളോട് ഏറെ സ്നേഹമുള്ള പ്രിയങ്കയ്ക്ക് ഇന്ത്യയിലും രണ്ട് വളർത്തുനായകളുണ്ട്. സുഹൃത്ത് വഴിയാണ് കഴിഞ്ഞ വർഷം ജിക്കുവിനെക്കുറിച്ച് അറിയുന്നത്. അന്ന് വെറും രണ്ട് മാസം പ്രായമുണ്ടായിരുന്ന ജിക്കുവിനെ ആദ്യമായി കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടെന്നും പിന്നീട് വീട്ടിലേക്ക് കൊണ്ടുവന്നെന്നും പ്രിയങ്ക പറഞ്ഞു. “അവൻ ഞങ്ങൾക്ക് ഒരു മകനെപ്പോലെയായിരുന്നു. ജോലിയിലെ സമ്മർദങ്ങളുമായി വീട്ടിലെത്തുമ്പോൾ അവൻ ഞങ്ങളെ സ്വീകരിക്കാൻ കാത്തുനിൽക്കും. അവനെ കാണുമ്പോൾ എല്ലാ സമ്മർദങ്ങളും അലിഞ്ഞുപോകുന്നതുപോലെയായിരുന്നു,” പ്രിയങ്ക പറഞ്ഞു.
യുഎഇയിൽ കാണാതായ വളർത്തുമൃഗങ്ങളെ വർഷങ്ങൾക്കുശേഷം പോലും ഉടമകൾക്ക് തിരിച്ചുകിട്ടിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന പ്രതീക്ഷയിലാണ് കുടുംബം. ആരെങ്കിലും ജിക്കുവിനെ തെരുവുനായയാണെന്ന് കരുതി സംരക്ഷിക്കുന്നുണ്ടാകാമെന്നും പോസ്റ്ററുകളിലൂടെയോ വാർത്തകളിലൂടെയോ വിവരം ലഭിച്ച് കുടുംബവുമായി ബന്ധപ്പെടുമെന്നുമാണ് പ്രതീക്ഷ.
ജിക്കുവിനെ മൈക്രോചിപ്പ് ഉപയോഗിച്ച് തിരിച്ചറിയാനും സാധിക്കും. മൈക്രോചിപ്പിന്റെ അവസാന അക്കങ്ങൾ 8732 ആണ്.
ജിക്കുവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0562980817, 0556105319 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കുടുംബം അഭ്യർഥിച്ചു.